ശ്രീകരുണാകരഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യൻ ജി.ജനാർദ്ദനൻ മേനോൻ ദിവംഗതനായി

പോത്തൻകോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിലൊരാളായ ജി. ജനാർദ്ദനൻ മേനോൻ (78) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് (15-02-2025)രാത്രി 8.40ന് ദിവംഗതനായി.
ഭാര്യ: എസ്.പത്മജകുമാരി (ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ). മകൾ : ശാന്തിഗിരി ഗുരുധർമ്മപ്രകാശസഭ അംഗം ജനനി രേണുരൂപ ജ്ഞാനതപസ്വിനി.

യശശരീരനായ സി.ഗോപാലകൃഷ്ണ മേനോൻ – കെ.തങ്കമ്മാൾ ദമ്പതികളുടെ ഏഴ് മക്കളിൽ മൂത്ത മകനായി 1947 ജനുവരി 11 ന് പാലക്കാട് പറളിയിൽജനനം. ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു. കാൺപൂരിൽ എയർ ഓഫീസർ സർജൻ്റ് ആയി ജോലി നോക്കി. പിന്നീട് പാലക്കാട് നിന്നും മാറി കോയമ്പത്തൂരിൽ ചീരനായ്ക്കൻ പാളയത്ത് സ്ഥിര താമസമാക്കി.
ഇന്ത്യൻ എയർഫോഴ്സിൽ ജോലി ചെയ്യവേ സഹപ്രവർത്തകരിലൂടെ ശ്രീകരുണാകരഗുരുവിനെ കുറിച്ച് അറിയുകയും 1981-ൽ ഗുരുവിനെ വന്ന് കാണുകയും ചെയ്തു.

1982-ൽ ജോലിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് ആശ്രമത്തിൽ കുടുംബസമേതം താമസത്തിന് എത്തി. അദ്ദേഹത്തോടൊപ്പം പി.സി.നാരായണൻ നായർ (പിന്നീട് സ്വാമി ധർമ്മാനന്ദ ജ്ഞാനതപസ്വി), റ്റി.വി.ബാലകൃഷ്ണൻ (പിന്നീട് സ്വാമി പരിപൂർണ്ണ ജ്ഞാനതപസ്വി), ഡി.രഞ്ജൻ എന്നിവരും കുടുംബസമേതം ആശ്രമത്തിൽ താമസം ആരംഭിച്ചു. പരിമിതമായ താമസ സൗകര്യത്തിൽ ഇവർ ഏറെ നാൾ കഴിഞ്ഞു. തുടർന്ന് ആശ്രമത്തിന് സമീപം ആനന്ദപുരത്ത് എൽ.ഐ.ജി. ക്വാർട്ടേഴ്സിലായിരുന്നു താമസം.

ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ കർമ്മ മേഖലകളിൽ ചുമതല വഹിച്ചിരുന്നു. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസറും ശാന്തിഗിരി റിസർച്ച് വിഭാഗം ജനറൽ മാനേജറുമായിരുന്നു.
ന്യൂഡൽഹി ഉൾപ്പെടെ വിവിധ ആശ്രമം ബ്രാഞ്ചുകളിലും സേവനം ചെയ്തിരുന്നു. നിരവധി നാഷണൽ കോൺഫറൻസുകളിൽ പങ്കെടുത്ത് ജനാർദ്ദനൻ മേനോൻ ഗുരുവിനെ കുറിച്ചുള്ള ആശയം പങ്കുവെക്കുകയുണ്ടായി. തിങ്കളാഴ്ച രാവിലെ 9 മണിമുതൽ ആശ്രമം സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ പൊതുദർശനമുണ്ടായിരിക്കും. സംസ്കാരം അന്നേദിവസം വൈകിട്ട് 4 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമ വളപ്പിൽ നടക്കും.


