മത്സ്യസമ്പത്തിനും ആശങ്ക, പ്രമേയം പാസാക്കി നിയമസഭ
1 min read

മത്സ്യസമ്പത്തിനും ആശങ്ക, പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം∙ കടല്‍മണല്‍ ഖനനം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും പാരിസ്ഥിതിക സന്തുലനത്തെയും പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമഭേദഗതിയും തുടര്‍നടപടികളും ഉടന്‍ ഉപേക്ഷിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്.

കടല്‍ഖനനം സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ടായില്ലെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപണം ഉന്നയിച്ച ഘട്ടത്തിലാണ് സഭയില്‍ മുഖ്യമന്ത്രി തന്നെ പ്രമേയം അവതരിപ്പിച്ചത്.

കടലിലെ അമൂല്യമായ മത്സ്യസമ്പത്തിനും ജൈവവൈവിധ്യത്തിനും കനത്ത ആഘാതം ഏല്‍പ്പിക്കുന്ന നടപടിയുമായാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെയും ആശങ്കകളെയും അവഗണിച്ച് മുന്നോട്ടുപോകുന്നതെന്നു പ്രമേയം കുറ്റപ്പെടുത്തുന്നു.

കടലിലെ മത്സ്യസമ്പത്തിനും ആഴക്കടല്‍ ജൈവവൈവിധ്യത്തിനും ഏറെ ആഘാതം ഏല്‍പ്പിക്കുന്ന ഒന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതി നടപ്പായാല്‍ ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മത്സ്യസമ്പത്തിനു പുറമെ പവിഴപ്പുറ്റുകള്‍, കടല്‍ച്ചേന, ഞണ്ടുകള്‍ എന്നിവയ്ക്കും വലിയ തോതില്‍ നാശംവരാന്‍ സാധ്യതയുണ്ട്.

കടലിലെ ആവാസവ്യവസ്ഥയെയും പരിസ്ഥിതിയെയും ഇത്രയേറെ പ്രതികൂലമായി ബാധിക്കുന്നതും രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ തന്നെ സാധ്യതയുള്ളതുമായ ഒരു പ്രവര്‍ത്തനം അനുവദിക്കുന്ന നിയമ ഭേദഗതിയാണ് കേന്ദ്രനിയമത്തില്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്നത് എന്ന കാര്യം തികഞ്ഞ ആശങ്കയോടെ സഭ വീക്ഷിക്കുന്നു.

മത്സ്യസമ്പത്തിനെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെയും പുതിയ കേന്ദ്രനിയമം പ്രതികൂലമായി ബാധിക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!