1 min read

ഫോണ്‍ ചോര്‍ത്തല്‍ വിവാദം; പി വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പി വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ അന്‍വറിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. അന്‍വര്‍ ഒരു സമാന്തര ഭരണമായി പ്രവര്‍ത്തിക്കുകയാണോ എന്നും കോടതി ചോദിച്ചു.

ഫോണ്‍ ചോര്‍ത്തലില്‍ പൊലീസിന്റെ അന്വേഷണം എവിടെ വരെ എത്തിയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. എന്നാല്‍ ഫോണ്‍ ചോര്‍ത്തലില്‍ കാര്യമായ തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തെളിവ് കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ഓര്‍മിപ്പിച്ചു. കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്‍വറിനെതിരെ ഒരു സ്വകാര്യ വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പരാതി പൊലീസിന് നല്‍കുകയും പരാതി പൊലീസ് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് എങ്ങും എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!