ആറ്റുകാലില്‍ 27കാരിയുടെ മരണം; യുവതിയുടെ ശരീരത്തില്‍ 13 മുറിവുകള്‍, ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം ആറ്റുകാലില്‍ 27കാരി ആരതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അതുലിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭര്‍ത്താവ് അതുലിന്റെ തുടര്‍ച്ചയായ പീഡനം മൂലമാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തില്‍ 13 മുറിവുകള്‍ ഉണ്ടായിരുന്നു. മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വര്‍ക്കലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വര്‍ക്കലയിലെ വാടകവീട്ടിലാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ ആരതി ഭര്‍തൃപീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു.

പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും
ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് കുടുംബവും പ്രദേശവാസികളും പറയുന്നത്. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീടും പണം ആവശ്യപ്പെട്ട് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.