തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം; പലതവണ പറഞ്ഞ കാര്യമെന്ന് മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ബജറ്റില്‍ വെട്ടിക്കുറച്ചത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജി ആർ അനിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫണ്ട് വെട്ടിക്കുറച്ചത് മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജി ആര്‍ അനിൽ ചൂണ്ടിക്കാട്ടി. എന്നാല്‍ പലതവണ പറഞ്ഞ കാര്യമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ഗൗരവത്തിലെടുത്തില്ല. ആവര്‍ത്തിച്ച് പറഞ്ഞ കാര്യം റൂള്‍ 15 ആയി കൊണ്ടുവരുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവും അംഗങ്ങളും ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റില്‍ വകയിരുത്തിയിരുന്നത് 11,189 കോടിയാണെങ്കില്‍ ഇത്തവണ അത് 8655.45 കോടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1533.55 കോടിയുടെ കുറവുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍വെച്ച പ്ലാന്‍ പൂര്‍ണമായും നടപ്പിലാകാത്തതുകൊണ്ടാണ് തുക കുറയ്‌ക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 35,000 കോടിയുടെ പ്ലാനില്‍ 20,500 കോടി കിട്ടില്ലെന്ന് ഉറപ്പായി. ഇല്ലാത്ത പദ്ധതിവെച്ച് ഫണ്ട് നല്‍കാന്‍ പറ്റുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം ഇതാണെങ്കിലും തങ്ങള്‍ പല പോംവഴികളും കണ്ടെത്തി. അയ്യായിരം കോടി രൂപ മാത്രമാണ് പ്ലാനില്‍ നിന്ന് കുറച്ചത്. ഇതിന്റെ ആനുപാതികമായ കുറവ് എല്ലാ വകുപ്പുകളിലും ഉണ്ടായിട്ടുണ്ട്. കുറവുണ്ടാകാത്തത് എസ് സി, എസ് ടി വകുപ്പിലും ഫിഷറീസ് വകുപ്പിലും മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് മറുപടിയായി തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഗുരുതര സാഹചര്യമുള്ളതായി ജി ആര്‍ അനില്‍ പറഞ്ഞു. ഗ്രാമങ്ങളിലെ കുടിവെള്ള പദ്ധതികളും റോഡ് അറ്റകുറ്റപ്പണികളും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിശ്ചലമായി. ആനുപാതികമായ കുറവ് വരുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുറവ് വരാതിരിക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നതെന്നും ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള മൂന്നാം ഗഡു മുടങ്ങിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ ഫണ്ടിലെ മൂന്നാം ഗഡു കൊടുക്കേണ്ടിയിരുന്നത് ഡിസംബറിലായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജി ആര്‍ അനില്‍ പറഞ്ഞ കാര്യങ്ങള്‍ ഈ സര്‍ക്കാരിനെതിരെയും ഈ ബജറ്റിന് എതിരെയും അല്ല. കഴിഞ്ഞ സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരെയാണ് പറഞ്ഞത്. 2150 കോടി രൂപ കൊടുക്കാതെ ഭരണം വിട്ട് പോയവരാണ് ഇവര്‍. ഈ സര്‍ക്കാര്‍ വന്നില്ല എന്ന് സങ്കല്‍പ്പിക്കുക, കുറച്ച് നേരം സന്തോഷം കിട്ടുമല്ലോയെന്നും സതീശന്‍ പരിഹസിച്ചു. നിങ്ങളുടെ സര്‍ക്കാര്‍ തുടര്‍ന്നിരുന്നെങ്കില്‍ 57 ശതമാനം തുക കുറയ്‌ക്കേണ്ടി വരുമായിരുന്നു. 5750 കോടി രൂപ പോയേനെ. ഇങ്ങോട്ട് വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരല്‍ നിങ്ങളുടെ നെഞ്ചിന്റെ അകത്തോട്ടാണ് കയറിപ്പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. തെറ്റിദ്ധരിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ രീതിയായി മാറുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാര്‍ച്ചിലാണ് മൂന്നാം ഗഡു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്നാം ഗഡു നല്‍കാന്‍ തടസ്സമായത് തെരഞ്ഞെടുപ്പ് ചട്ടമാണ്. പണം വിതരണം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയില്ല. എല്‍ഡിഎഫ് കാലത്ത് വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭവിട്ടിറങ്ങി പ്രതിഷേധിച്ചു.
