‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിവിധ വകുപ്പുകള്‍ തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല; സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല’
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ കൂടിയാലോചനകള്‍ ഇനിയും നടത്തിയിട്ടില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു. സര്‍ക്കാരിന് അതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാകില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഡോ. വേണു പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘എക്‌സ്പ്രസ് ഡയലോഗ്‌സി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ട്. അടുത്ത ഘട്ടം പൊലീസും പ്രോസിക്യൂട്ടര്‍മാരും ചേര്‍ന്നു നടത്തേണ്ട നിയമ നടപടിയാണ്. ഡോ. വേണു കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ദുര്‍ബലമായ സ്ഥലങ്ങളിലൊന്നാണ് കേരളം. അഞ്ചോ എട്ടോ വര്‍ഷം മുമ്പ്, കാലാവസ്ഥാ വ്യതിയാനം എന്നു കേള്‍ക്കുന്നത് എന്തോ ഒരുതരം വിചിത്ര പ്രതിഭാസമാണെന്നാണ് ആളുകള്‍ കരുതിയിരുന്നത്. ഡോ. വേണു പറഞ്ഞു.

പരിസ്ഥിതി ഒരു ശാസ്ത്രമായിരിക്കുന്നതിനാല്‍ ഒരാളുടെ വാദങ്ങളും ശാസ്ത്രീയമായിരിക്കണം. അത് പൂര്‍ണമായും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കാനാവില്ല. ഒരു ദുരന്തത്തിന് കാരണം ക്വാറിയാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, വസ്തുതകള്‍ നിങ്ങളുടെ വാദത്തിന് പിന്‍ബലമായി ഉണ്ടാകേണ്ടതുണ്ടെന്നും ഡോ. വേണു പറഞ്ഞു. എക്‌സ്പ്രസ് ഡയലോഗ്‌സില്‍ ഡേ. വേണുവിനൊപ്പം ഭാര്യയും സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയുമായ ശാദര മുരളീധരനും പങ്കെടുത്തു. കേരളത്തില്‍ ആദ്യമായിട്ടാണ് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ചീഫ് സെക്രട്ടറിയാകുന്നത്.
