ശാന്തിഗിരി ഫെസ്റ്റില്‍ ഐ.റ്റി.ബിപി പ്രദര്‍ശനം നാളെ

പോത്തന്‍കോട് : കാഴ്ചകള്‍ക്കും വിനോദങ്ങള്‍ക്കുമപ്പുറം രാജ്യസ്നേഹത്തിന്റെ കൂടി പ്രതിഫലനമാകുകയാണ് ശാന്തിഗിരി ഫെസ്റ്റ്. ഫെസ്റ്റില്‍  നാളെ (02/11/2024) ഇന്ത്യയുടെ അര്‍ദ്ധസൈനിക വിഭാഗമായ ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സിന്റെ പ്രദര്‍ശനം നടക്കും.

ലൈറ്റ് മിഷീന്‍ ഗണ്‍, മോട്ടാര്‍ ഗണ്‍, സെല്‍ഫ് ലോഡിംഗ് റൈഫില്‍സ്, കാര്‍ബണ്‍ മെഷീന്‍ ഗണ്‍, മൈന്‍സ് ഫീല്‍ഡിലുപയോഗിക്കുന്ന  ആന്റീ ടാങ്ക് മൈന്‍, ആന്റി പേഴ്സ്ണല്‍ മൈന്‍ എന്നിവയും റോക്കറ്റ് ലോഞ്ചറുമടക്കം വന്‍ യുദ്ധസന്നാഹങ്ങളുമായാണ് ഐ.റ്റി.ബി. പി എത്തുക. നൂറനാടുളള പരിശീലനകേന്ദ്രത്തില്‍ നിന്നാണ് സംഘം എത്തുന്നത്.

വൈകിട്ട് 3 മണിക്ക് പ്രദര്‍ശനത്തിന് തുടക്കമാകും. പ്രദര്‍ശനത്തിലൂടെ ഐ.റ്റി.ബി.പി യുടെ രൂപീകരണം മുതലുളള ചരിത്രവും അറിയാനാകും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കും. ശാന്തിഗിരി ഫെസ്റ്റില്‍ ഇതിനകം നിരവധി സേനാവിഭാഗങ്ങളുടെ പ്രദര്‍ശനം നടന്നിരുന്നു.

ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സേനാവിഭാഗമാണ് ഐ.റ്റി.ബി.പി.  അതിർത്തി കാവൽ, കലാപം തടയൽ, ആഭ്യന്തര സുരക്ഷാ റോളുകൾ എന്നിവയാണ്  ഐടിബിപിയുടെ അധിക ചുമതലകൾ. 

ഐടിബിപിക്ക് നിലവിൽ 60 സർവീസ് ബറ്റാലിയനുകളും 4 സ്പെഷ്യലിസ്റ്റ് ബറ്റാലിയനുകളും 17 പരിശീലന കേന്ദ്രങ്ങളും 07 ലോജിസ്റ്റിക് സ്ഥാപനങ്ങളുമുണ്ട്.  “ശൗര്യ-ദൃഢത-കർമ്മ നിഷ്ഠ” എന്നതാണ് സേനയുടെ മുദ്രാവാക്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!