കൊച്ചി∙ തിരുവനന്തപുരം വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി.

മരട് സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി.

പൊലീസിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനായി വഞ്ചിയൂരിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടിയത്.


നിയമവിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചെങ്കിലും സമ്മേളനം രാത്രി സമാപിച്ച ശേഷമാണ് പ്രവർത്തകർ സ്റ്റേജ് നീക്കിയത്. നിയമവിരുദ്ധമായി സ്റ്റേജ് കെട്ടിയതിന്റെ പേരിൽ അഞ്ഞൂറോളം പേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.


