
യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി; മലയാളത്തിലും പരാതിപ്പെടാം
പിഴ ചുമത്തും, മന്ത്രാലയ സേവനങ്ങൾ തടയും
ലംഘനം ആവർത്തിച്ചാൽ ലൈസൻസും റദ്ദാക്കും
അബുദാബി : യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി ശക്തമാക്കി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വൻതുക പിഴ ചുമത്തുന്നതിനു പുറമെ ഈ കമ്പനികൾക്കുള്ള മന്ത്രാലയ സേവനങ്ങൾ തടയും. നിയമലംഘനം ആവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടി ഉണ്ടാകും. നിശ്ചിത തീയതിക്കകം ശമ്പളം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വേതനം ലഭിക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താൽ യഥാസമയം പരാതിപ്പെടണമെന്ന് ജീവനക്കാരോടും അഭ്യർഥിച്ചു.
ഡബ്ല്യുപിഎസിൽ കമ്പനികൾ അംഗമാകണം
മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത എല്ലാ കമ്പനികളും വേതന സുരക്ഷാ പദ്ധതിയിലും അംഗമാകണം. യുഎഇയിലെ അംഗീകൃത ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ വഴി തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നേരിട്ടാണ് വേതനം കൈമാറേണ്ടത്. ഡബ്ല്യുപിഎസിൽ റജിസ്റ്റർ ചെയ്യാത്ത കമ്പനികളുമായി മന്ത്രാലയം ഇടപാട് നടത്തില്ലെന്നും വ്യക്തമാക്കി. തൊഴിൽ കരാർ ധാരണ അനുസരിച്ച് ദിർഹത്തിലോ മറ്റേതെങ്കിലും കറൻസിയിലോ വേതനം നൽകാം. എല്ലാ കമ്പനികളും മാസവേതനം നൽകുന്നുണ്ടെന്ന് ഇലക്ട്രോണിക് ബന്ധം വഴി മന്ത്രാലയം ഉറപ്പാക്കും.
മലയാളത്തിലും പരാതിപ്പെടാം
മലയാളം, തമിഴ്, ഹിന്ദി, പഞ്ചാബി, തെലുങ്ക്, ഉറുദു, ബംഗാളി, നേപ്പാളി, അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച് തുടങ്ങി 20 ഭാഷകളിൽ പരാതിപ്പെടാം.
ഫോൺ 600 590000
ഇമെയിൽ ask@mohre.gov.ae
വെബ്സൈറ്റ് www.mohre.gov.ae

