സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസിൻ്റെ യാത്ര ബത്ത ഉയർത്താൻ ശുപാർശ. പ്രതിവർഷ യാത്രാബത്ത തുക 11.31 ലക്ഷം ആക്കാനാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകിയിരിക്കുന്നത്.

നേരത്തെ യാത്ര ബത്തയായി പ്രതിവർഷം 5 ലക്ഷം രൂപയായിരുന്നു കെ വി തോമസിന് അനുവദിച്ചിരുന്നത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു ആവശ്യം. ഇതു പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകിയത്.


കെ വി തോമസിൻ്റെ ഓണറേറിയത്തിനായി കഴിഞ്ഞ ബജറ്റിൽ നൽകിയത് 24.67 ലക്ഷം രൂപയായിരുന്നു. കാബിനറ്റ് റാങ്കിൽ ഡൽഹിയിൽ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായപ്പോൾ ശമ്പളം വേണ്ട ഓണറേറിയം മതിയെന്നാണ് കെ വി തോമസ് അറിയിച്ചിരുന്നത്.

കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളുമുണ്ട്.

