മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു.

കൊച്ചി ∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു. സംഘടനകൾ‌ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചു.

ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച ശേഷമാണ് ജേക്കബിന്റെ പ്രഖ്യാപനം. നിർമാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്സ്ബുക് പോസ്റ്റ് പിൻവലിക്കുമെന്ന് ആന്റണി പെരുമ്പാവൂർ‌ ജേക്കബിനെ അറിയിച്ചു.

എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞതായാണ് വിവരം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചാണ് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞു. പോസ്റ്റ് സമൂഹമാധ്യമ പേജിൽനിന്നു പിൻവലിച്ചിട്ടുണ്ട്. 

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട നിർമാതാവ് ജി.സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു. നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളുമെല്ലാമടങ്ങുന്ന ഫിലിം ചേംബർ, നിർമാതാക്കള്‍ക്കും സിനിമാ സമരത്തിനും പിന്തുണ പ്രഖ്യാപിക്കുകയും ചേബറിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു. സംഘടനയെ വിമർശിക്കുന്ന ആന്റണിയുടെ പോസ്റ്റ് നീക്കണമെന്നും ഇല്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!