സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്.

ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
തൃശൂർ ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

