
പ്രകൃതി വിഭവ ഡാറ്റ ജനകീയമായി പുതുക്കുന്ന പഞ്ചായത്ത് റിസോഴ്സ് മാപ്പിംഗ് 2.0 പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് വർക്കല നിയോജക മണ്ഡലത്തിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളുടെ വിഭവ ഭൂപടം ജനകീയമായി നിർമ്മിക്കുവാൻ ലക്ഷ്യം വയ്ക്കുന്ന – വിരൽത്തുമ്പിൽ വർക്കല – എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതിയുടെ ഇടവ പഞ്ചായത്ത് തലയോഗം, ഇടവ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് ഉദ്ഘാടനം ചെയ്തു. പദ്ധതി അവതരണം ഭൂവിനിയോഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സജീവ് .ആർ.എസ് നിർവഹിച്ചു. അഗ്രോണ മിസ്റ്റ് അംബിക ചന്ദ്രൻ, ഇടവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, മെമ്പർമാരായ സിമിലിയ, നസീഫ് എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കൃഷി – ആരോഗ്യം – വിദ്യാഭ്യാസം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് – അംഗൻവാടി – ലോ ആൻഡ് ഓർഡർ – കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിലുടനീളം നടപ്പിലാക്കുന്ന പദ്ധതിയുടെ തുടക്കം വർക്കല നിയോജക മണ്ഡലത്തിലാണ് നടക്കുന്നത്.

വർക്കല നിയോജകമണ്ഡലത്തിലെ വർക്കല നഗരസഭ, വെട്ടൂർ , ഇടവ, ഇലകമൺ, ചെമ്മരുതി, നാവായിക്കുളം, മടവൂർ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലുമാണ് ഇപ്പോൾ പഞ്ചായത്തുതല റിസോഴ്സ് മാപ്പിങ് നടക്കുന്നത്. ഭൂവിനിയോഗ വകുപ്പ് നടപ്പാക്കുന്ന റിസോഴ്സ് മാപ്പിങ്ങിൽ പഞ്ചായത്തുകളുടെ അടിസ്ഥാന ആസ്തികൾ, ഭൂവിനിയോഗം, ജലസ്രോതസ്സുകൾ എന്നിവ സർവ്വേ നമ്പർ അടിസ്ഥാനത്തിൽ മാപ്പ് ചെയ്യും. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മാപ്പിങ് നടപ്പാക്കുന്നത്.

വിവിധ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും ലഭ്യമായ വിവരങ്ങൾ സ്വാംശീകരിച്ച് ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, വിവരശേഖരണ ഉപാധികളായ ഉപഗ്രഹ ചിത്രങ്ങൾ, ഗൂഗിൾ മാപ്പ്, ടോപ്പോ ഷീറ്റ് എന്നിവയുടെ സഹായത്തോടെയാണ് മാപ്പിങ് നടപ്പാക്കുന്നത്. വി. ജോയ് എംഎൽഎ യുടെ പ്രത്യേക താൽപര്യത്തിലാണ് വർക്കലയിൽ തന്നെ മാപ്പിംഗ് പ്രക്രിയ പ്രാരംഭത്തിൽ തന്നെ പ്രായോഗികമാക്കുന്നത്.

