ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ വികസന പ്രവൃത്തികള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതാ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന റിവ്യൂ യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പൊതുവേ ദേശീയപാതാ അതോറിറ്റി നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില മേഖലകളില്‍ പ്രവൃത്തി മന്ദഗതിയിലാണ്. ഇത്തരത്തില്‍ വൈകിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്കായി അടിപ്പാത നിര്‍മ്മിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും പ്രവൃത്തി പുരോഗമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാരും ബസ് ഉടമകളും പ്രതിഷേധിക്കുന്ന അവസ്ഥയില്‍, ഇത് പ്രത്യേക കേസായി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

പ്രവൃത്തികള്‍ക്ക് തടസമുണ്ടാകരുതെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ജില്ലാകളക്ടര്‍മാരും പോലീസ് മേധാവികളും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്താണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.ആര്‍ബിട്രേഷന്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!