ഗുരുദേവ മഹാസമാധി : ലോക ശാന്തി ദിനമായി ആചരിക്കണം – ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി


ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ മഹാപരിനിര്‍വാണ ദിനം ഇന്നു ലോക ശാന്തിദിനമായി ആചരിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ഗുരുദേവന്‍ ജാതിമതദേശ ചിന്തകള്‍ക്കതീതമായി ലോക ജനതയെ ഒന്നായി കണ്ടുകൊണ്ട് ദൈവമയച്ച ശാന്തി ദൂതനായിരുന്നു. ഗുരുദേവന്‍റെ മഹാസമാധി ദിനം അതിനാല്‍ സര്‍വ്വ ജനതയ്ക്കും സൗഖ്യത്തെ പ്രധാനം ചെയ്യുന്ന ലോകശാന്തി ദിനമായി ആചരിക്കേണ്ടതാണ്.

ഭക്തജനങ്ങള്‍ പ്രഭാത ഗുരുപൂജയ്ക്ക് ശേഷം എട്ടു മണിയോടുകൂടി ശിവഗിരിയില്‍ എന്നപോലെ അഷ്ടാക്ഷരി അഖണ്ഡനാമജപയജ്ഞവും ഉപവാസയജ്ഞവും നടത്തേണ്ടതാണ്. മഹാസമാധി സമയമായ ഉച്ചകഴിഞ്ഞ് 3.30 വരെ ഉപവാസയജ്ഞവും നാമജപവും തുടരുകയും മഹാസമാധി സമയത്ത് മഹാസമാധി പൂജയും ജപവും ധ്യാനവും സമൂഹ പ്രാര്‍ത്ഥനയും നടത്തേണ്ടതാണ്. ഗുരുസ്തവം , ദൈവദശകം, ഗദ്യ പ്രാര്‍ത്ഥന, സഹോദരന്‍ അയ്യപ്പന്‍ എഴുതിയ സമാധിഗാനം, സമര്‍പ്പണ ശ്ലോകങ്ങള്‍ എന്നിവ ചൊല്ലി മഹാസമാധി പൂജ നിര്‍വഹിക്കേണ്ടതുണ്ട്.

തുടര്‍ന്ന് ആവശ്യമെങ്കില്‍ അഷ്ടാക്ഷരി നാമജപത്തോടെ മഹാശാന്തി യാത്ര നടത്താവുന്നതാണ്. തുടര്‍ന്ന് അന്നദാനവും ശാന്തി സമ്മേളനവും നടത്തി മഹാസമാധി ദിനാചരണം ഭക്തിപൂര്‍വ്വം കൊണ്ടാടണം. കേരളത്തിലും ഇന്ത്യയിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമായി നടക്കുന്ന അന്നദാനത്തിന്‍റെ അളവ് അവര്‍ണനീയമാണ്.

ആയിരക്കണക്കിന് ടണ്‍ അരിയുടെ അന്നദാനം മഹാസമാധി ദിനത്തില്‍ നടക്കുന്നതുപോലെ മറ്റേതെങ്കിലും ഒരു പുണ്യ ദിനത്തില്‍ കേരളത്തിലോ ഭാരതത്തിലോ നടക്കുന്നുണ്ടെന്ന് പറയാനാകില്ല. വൈവിധ്യമാര്‍ന്ന പരിപാടികളോടെ രാജ്യമൊട്ടാകെ നടക്കുന്ന മഹാസമാധി ദിനാചരണ പരിപാടി എല്ലാവര്‍ക്കും ശാന്തിദായകമാകട്ടെയെന്ന് ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍ ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!