തിരുവനന്തപുരം : ഓട്ടോ-ടാക്സി ലേബർ യൂണിയൻ ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം മണ്ഡലത്തിലെ ചാക്ക ഇൻ്റർനാഷണൽ എയർപോർട്ട് ഓട്ടോ – ടാക്സി യൂണിറ്റിൽ യൂണിയൻ പ്രസിഡൻ്റും ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

ഓട്ടോ – ടാക്സി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ പെട്രോൾ-ഡീസൽ വില വർദ്ധനവിലും അക്സസറികളുടെയും മെയിൻ്റനൻസിൻ്റെയും നിരക്കു വർദ്ധനയിലും നട്ടം തിരിയുകയാണെന്നും, ദീർഘദൂര ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്ക് ശുചി മുറികളൊ വിശ്രമ സൗകര്യങ്ങളൊ ലഭ്യമല്ലാത്തതിനാൽ കനത്ത മാനസിക – ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണെന്നും സർക്കാരും മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡും പ്രശ്നങ്ങളിൽ സത്വരമായി ഇടപെടണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത വി.ആർ.പ്രതാപൻ ആവശ്യപ്പെട്ടു.

ജില്ലയിൽ മാത്രം പ്രതിദിനം (65000 ) അറുപത്തി അയ്യായിരത്തിലധികം പേർ ഓട്ടോ ഓടിച്ച് ജീവിക്കുകയാണെന്നും
നിസ്സാര പിഴവുകൾക്ക് വൻകുറ്റങ്ങൾ ചുമത്തി ആട്ടോ തൊഴിലാളികളിൽ നിന്ന് ഭീമമായ പിഴ ഈടാക്കുന്ന പോലീസ് നടപടി പുന:പരിശോധിക്കണമെന്നും യൂണിറ്റ് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. യൂണിറ്റ് കൺവീനർ എസ്.രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ചാക്കരവി, ഐഎൻടിയുസി റീജിയണൽ പ്രസിഡൻറ് ഹാജാ നാസ്മുദ്ദീൻ, മണ്ഡലം പ്രസിഡൻ്റ് എ.ചന്ദ്രബാബു, താജുദ്ദീൻ, യൂണിയൻ ജില്ലാ സെകട്ടറി മലയിൻകീഴ് അക്ഷയ്, ഗാംഗുലി, ജോയി, മഹേഷ്, എസ്.അനുപ്, സന്തോഷ്, ഷിബു എന്നിവർ പ്രസംഗിച്ചു.

