
ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നൽകുക, താൽക്കാലിക – കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക തുടങ്ങി വർഷങ്ങളായി ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളിൽ ഗവൺമെന്റ് അധികൃതർ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തതിനെ തുടർന്ന് 2025 ജൂലൈ 1 മുതൽ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്.

അധികാരികളുടെ ഭാഗത്തുനിന്നും ഒരു വിധത്തിലുമുള്ള പരിഹാര നടപടികളും ഉണ്ടാകാത്തതിനാൽ പ്രതിഷേധം ശക്തമാക്കി റിലേ ഒ.പി. ബഹിഷ്കരണം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികളിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് 10/11/2025-ന് ബഹുമാനപ്പെട്ട ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയുണ്ടായി.

ആ യോഗത്തിൽ സംഘടനയുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുവാൻ വകുപ്പ് ശ്രമിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ സംഘടന ആവശ്യപ്പെട്ട കാര്യങ്ങൾ അനുകൂലമായി നടപ്പിലാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുകയല്ലാതെ സംഘടനയുടെ മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള ക്രിയാത്മക നടപടികളും ഉണ്ടായിട്ടില്ല.

ആയതിനാൽ ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുന്നതിനോടൊപ്പം സമരം ശക്തമാക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

2026 ജനുവരി 13 (ചൊവ്വാഴ്ച) മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാൻ സംഘടന തീരുമാനിച്ചു.ജനുവരി 19 ന് സെക്രട്ടറിയേറ്റ് ധർണ ഉണ്ടായിരിക്കുന്നതാണ്
അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ മേഖലയിലെ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും സമര പരിപാടികളുടെ വിശദാംശങ്ങളെ കുറിച്ചും അറിയിക്കുന്നതിനായി ജനുവരി 12 (തിങ്കളാഴ്ച) രാവിലെ 11:30-ന് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തുന്നതാണ്.
കെജിഎംസിറ്റിഎ സംസ്ഥാന സമിതിക്കു വേണ്ടി,
ഡോ. റോസ്നാരാ ബീഗം ടി
സംസ്ഥാന പ്രസിഡന്റ്
ഡോ. അരവിന്ദ് സി എസ്
ജനറൽ സെക്രട്ടറി

