‘പെരുമ്പാവൂരിൽ അനുകൂല സാഹചര്യം’ ; താനും എൽദോസും സുഹൃത്തുക്കളെന്ന് മനോജ് മൂത്തേടൻ

സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ എൽദോസ് കുന്നപ്പിള്ളി അതൃപ്തി തുടരുന്നതിനിടെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാകാൻ പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മനോജ് മൂത്തേടൻ. പെരുമ്പാവൂരിൽ അനുകൂലമായ സാഹചര്യമാണെന്നും എൽദോസ് കുന്നപ്പിള്ളി തന്‍റെ സുഹൃത്താണെന്നും മനോജ് മൂത്തേടൻ പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുപ്പമുള്ള പ്രവർത്തകരുമായി സംസാരിച്ച ശേഷം മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. അനുനയനീക്കവുമായി കാണാനായി വന്ന പെരുമ്പാവൂരിലെ സ്ഥാനാർത്ഥി മനോജ് മൂത്തേടനെ ഇന്നലെ കാണാൻ എൽദോസ് തയ്യാറായിരുന്നില്ല. കടുത്ത നീക്കങ്ങളിലേക്ക് എൽദോസ് കടക്കില്ലെന്ന വിശ്വാസത്തിലാണ് മുതിർന്ന നേതാക്കൾ.

തന്നെ മനപ്പൂര്‍വം ഒഴിവാക്കിയതല്ലെന്നും താൻ വരുന്നകാര്യം അറിയിക്കാതെയാണ് വന്നതെന്നും ആ സമയം എൽദോസ് ഭക്ഷണം കഴിക്കാൻ പുറത്ത് പോയതാണെന്നും മനോജ് മൂത്തേടൻ പ്രതികരിച്ചു. എൽദോസും താനുമൊക്കെ കെഎസ്‍യുവിൽ ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിച്ചവരാണ്. 1996 മുതലുള്ള ബന്ധമാണ്. നാലഞ്ച് ദിവസം മുന്‍പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ എൽദോസുമായി സംസാരിച്ചിരുന്നു.

എൽദോസിന് തന്നോടുള്ള വ്യക്തിപരമായ അതൃപ്തിയല്ല. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട കണ്‍ഫ്യൂഷനിലുണ്ടായ അതൃപ്തിയാണ്. അക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എംഎൽഎയ്ക്ക് പിന്തുണയായുള്ള പ്രകടനം മാത്രമാണ് ഇന്നലെ നടന്നത്. അതല്ലാതെ നേതൃത്വത്തിന് എതിരെയല്ല. എല്ലാവരും സജീവമായി പ്രചാരണത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മനോജ് മൂത്തേടം പറഞ്ഞു. തന്‍റെ വിജയത്തിന് വേണ്ടി എൽദോസ് കുന്നപ്പിള്ളി മുന്നിൽ നിന്ന് പ്രവര്‍ത്തിക്കുമെന്നും മനോജ് മൂത്തേടം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!