മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പ്രോജക്ട് ചീറ്റ ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞു. 2022 ൽ തുടങ്ങിയ പ്രൊജക്ട് ചീറ്റ വഴി 20 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 8 ചീറ്റകൾ നമീബിയയിൽ നിന്നും 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് എത്തിച്ചത്. എന്നാൽ അണുബാധയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാരണം 10 ചീറ്റകളാണ് ഇതിനോടകം ചത്തത്.

2024 ജനുവരി 16ന് ഉച്ചകഴിഞ്ഞ് 3.17 ഓടെയാണ് നമീബിയൻ ചീറ്റ ശൗര്യ ചത്തതെന്ന് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു. രാവിലെ ചീറ്റയെ അവശനായി കണ്ടെത്തിയിരുന്നു. ചീറ്റ സിപിആറിനോട് പ്രതികരിച്ചില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് കുനോയിലെ ഒമ്പതാമത്തെ ചീറ്റയുടെ മരണം റിപ്പോർട്ട് ചെയ്തത്. മഴക്കാലത്ത് പ്രാണികൾ മൂലമുണ്ടാകുന്ന അണുബാധയാണ് അവസാനത്തെ രണ്ട് മരണങ്ങൾക്ക് കാരണമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.

