ഇന്ധന പ്രതിസന്ധി തുടരുന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധന ഇറക്കുമതിയില്‍ കൂടുതല്‍ ക്ഷാമം നേരിടുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങില്‍ 60 ശതമാനം സീറ്റെങ്കിലും അധികനിരക്ക് ഈടാക്കാതെ യാത്രക്കാര്‍ക്ക് ലഭ്യമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ വിമാനക്കമ്പനികള്‍ എതിര്‍പ്പറിയിച്ചതായാണ് റിപ്പോര്‍ട്ട്.

വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാകുന്ന നീക്കമാണിതെന്ന് കുറ്റപ്പെടുത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്.ഐ.എ.) സര്‍ക്കാരിന് കത്തയച്ചു. രാജ്യത്തെ പ്രധാന വിമാനക്കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടുന്ന സംഘടയാണിത്. നിര്‍ദേശം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിമാന കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. വരുമാനനഷ്ടമുണ്ടാകുന്നത് നികത്താന്‍ യാത്രനിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുകയാണ്. ഫലത്തില്‍ സീറ്റ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കാത്ത യാത്രക്കാരടക്കം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവന്നേക്കുമെന്ന് മുന്നറിയിപ്പുനല്‍കി. ഡിജിസിഎയുടെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ടു.

നേരത്തെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് വിമാന കമ്പനികള്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം എല്‍പിജി പ്രതിസന്ധിക്കിടെ സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിഹിതം കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. 20 ശതമാനം വിഹിതമാണ് വര്‍ധിപ്പിച്ചത്. ഹോട്ടല്‍, കാന്റീനുകള്‍, സമൂഹ അടുക്കള എന്നിവയ്ക്കാണ് സിലിണ്ടറുകള്‍ അനുവദിച്ചത്. പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇന്ധനപ്രതിസന്ധി പരിഹരിക്കാന്‍ ഹോര്‍മുസ് കടലിടുക്ക് വഴി കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!