ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം, 2021നേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കും; ‘ പിണറായി വിജയന്‍

ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നില്‍ക്കുകയാണ്. ഒരുപാട് നേട്ടങ്ങള്‍ എല്ലാ മേഖലയിലും കൈാവരിക്കാന്‍ സാധിച്ചു. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാവരുത്. ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നത് വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

‘നാടിന് വികസനം വേണം. നാടിന് പുരോഗതി വേണം. ജനത്തിന് അറിയാം എല്‍ഡിഎഫിന് മാത്രമേ നാടിന്റെ പുരോഗതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്ന്. എതിര്‍ക്കുന്നവര്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്നത് വികസനമാണ്. കേരളം രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ജനം ഒരു സംശയവുമില്ലാതെ പറയും എല്‍ഡിഎഫിന്റെ സംസ്‌കാരം കൊണ്ടാണ് ഇത് നേടിയത് എന്ന്. ഇത് മറ്റെതെങ്കിലും കൂട്ടര്‍ക്ക് കഴിയില്ല എന്നും ജനം കാണുകയാണ്. 2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിന് ലഭിക്കും. ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. ഞങ്ങള്‍ക്കൊപ്പമാണ് ജനം. വികസിത കേരളം സാധ്യമാകുന്ന പദ്ധതികളുമായി മുന്നോട്ടുനീങ്ങുന്നതിന് എല്‍ഡിഎഫ് വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. വര്‍ഗീയ നീക്കങ്ങള്‍ കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ സാധിക്കില്ല.’ – പിണറായി പറഞ്ഞു.

ഡാഷ് അവരവര്‍ പൂരിപ്പിക്കേണ്ടതാണെന്ന് വിവാദ ഡാഷ് മോന്‍ പ്രയോഗത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഒരു മുഖ്യമന്ത്രി അഴിമതി കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടുള്ളത് ആരാണ്? അത് ഇദ്ദേഹമാണ്. കൂടുതല്‍ പറയുന്നില്ല.തെരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയൻ ആർ സി അമല സ്‌കൂളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് എൽ ഡി എഫ് നേതാക്കളായ സിഎൻ ചന്ദ്രൻ , കെ.കെ രാഗേഷ്, പി ശശി തുടങ്ങിയവരോടൊപ്പം മുഖ്യമന്ത്രി വോട്ടു രേഖപെടുത്താനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!