കേരളത്തിന് പുറത്ത് കോൺഗ്രസിന്റെ തുണയില്ലാതെ സിപിഎമ്മിന് നിലനിൽപ്പില്ല:  “സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ എം.പി.”

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ എംപി

കേരളത്തിനു പുറത്ത് കോൺഗ്രസിൻെറ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് സിപിഎം

രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ തയ്യാറായത് സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ്

സി.പി.എമ്മിൻ്റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം സങ്കുചിത കാഴ്ചപ്പാട്

കേരളത്തിലെ ദയനീയ പരാജയത്തിൻെറ കാരണങ്ങൾ വിലയിരുത്തുന്നതിന് പകരം രാഹുൽഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽസിപിഎമ്മിനെ കാത്തിരിക്കുന്നത് ഇതിലും വലിയ പരാജയങ്ങളാകും

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ
ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.

മുഖം മോശമായതിന്
കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത് പോലെയുളള അബദ്ധമായേ
സിപിഎമ്മിൻെറ രാഹുൽ വിരുദ്ധ പരാമർശങ്ങളെ കാണാനാകൂ. കേരളം വിട്ടാൽ കോൺഗ്രസിൻെറയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയായി മാറിയിന്ന് സി.പി.എം. അവർ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് തികഞ്ഞ പരിഹാസ്യമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

രാജസ്ഥാനിലും തമിഴ്നാട്ടിലും ഉൾപ്പെടെ കേരളത്തിന് പുറത്ത് രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തെ ഇ.ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉൾക്കൊള്ളാൻ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.ഇന്ന് കേരളത്തിൽ പോലും
പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

കേരളത്തിലെ ദയനീയ പരാജയമാണ് സിപിഎമ്മിനെ കൊണ്ട്
ഇതൊക്കെ പറയിക്കുന്നത്.പരാജയത്തിൻെറ കാരണങ്ങൾ
വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം രാഹുൽ
ഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽ ഇതിലും വലിയ
പരാജയങ്ങളായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുന്നത്.

ഇന്ത്യ മുന്നണി എന്നത് ബി.ജെ.പിയുടെ ഏകാധിപത്യത്തിൽ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കോൺഗ്രസ് മുൻകൈയ്യിൽ രൂപീകരിച്ച വിശാലമായ വേദിയാണ്.ബിജെപിയെ അധികാര ഭ്രഷ്ടരാക്കുക
എന്ന ലക്ഷ്യത്തിലാണ് സഖ്യം രൂപപ്പെട്ടത്.സിപിഎം ജനറൽ
സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് സഖ്യ രൂപീകരണ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായി ബോധ്യമുണ്ടായിരുന്നു. അധികാരത്തോടുള്ള ആർത്തി കൊണ്ടല്ല, മറിച്ച് തമിഴ്നാട്ടിൽ ബി.ജെ.പി നടപ്പിലാക്കാൻ ശ്രമിച്ച രാഷ്ട്രപതി ഭരണം ഒഴിവാക്കാനും മതേതര സർക്കാർ രൂപീകരിക്കാനും വേണ്ടിയാണ് കോൺഗ്രസ് അവിടെ ടി.വി.കെയുമായി തിരഞ്ഞെടുപ്പിന് ശേഷം സഹകരിച്ചത്. കോൺഗ്രസ് മുന്നോട്ടുവെച്ച ഇതേ രാഷ്ട്രീയ നിലപാട് തന്നെയാണ് പിന്നീട് അവിടെ സി.പി.എമ്മും പിന്തുടർന്നതെന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുകയാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

കോൺഗ്രസ് രാജ്യത്തിന്റെ പൊതുവായ താല്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുമ്പോൾ സങ്കുചിതമായ കാഴ്ചപ്പാടുകളാണ് സി.പി.എമ്മിനെ നയിക്കുന്നത്. രാഷ്ട്രീയമായി എതിർക്കുന്നവരെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്.
വ്യക്തിപരാമായി രാഹുൽ ഗാന്ധിതന്നെ അതിൻെറ ഇരയാണ്. എന്നാൽ ദേശീയതലത്തിൽ ഒരു പൊതുനിലപാടില്ലാതെ, തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രാദേശിക അജണ്ടകൾ മാത്രം നോക്കുന്ന രാഷ്ട്രീയമാണ് സി.പി.എം ഇന്ന് പയറ്റുന്നത്. ഈ ഇടുങ്ങിയ കാഴ്ചപ്പാട് കൊണ്ടാണ് ബംഗാളിലുൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് കാണുന്ന രൂപത്തിൽ തകർന്നടിഞ്ഞത്. രാഹുൽ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം പാർട്ടിയുടെ ഈ തകർച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സി.പി.എം നേതാക്കൾ തയ്യാറാകേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!