സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ശനിയാഴ്ച വരെ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

പാലക്കാട് ഉൾപ്പെടെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. പാലക്കാട് ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർദ്ധിക്കാൻ സാധ്യതയുണ്ട്.

സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനൽ മഴ തുടരാനും സാധ്യത. തിരുവനന്തപുരം മുതൽ വയനാട് വരെ 11 ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും.മലയോര മേഖലകളിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!