മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിനെ പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുള്ള സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ തലവനായി നിയമിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലളിതിനെ സുപ്രീംകോടതി കമ്മിറ്റി അധ്യക്ഷനായി നിയമിച്ചത്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ആനന്ദ ബോസും സര്‍ക്കാരും തമ്മില്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഭിപ്രായ ഭിന്നതകള്‍ ഉണ്ട്. ഇത് പരിഹരിക്കുന്നതിനായി സംസ്ഥാനവും ഗവര്‍ണറുടെ ഓഫീസും യോജിച്ചുകൊണ്ട് ഒരു സമിതി രൂപീകരിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവര്‍ നിര്‍ദേശിച്ചു.

ഇതിനായി രണ്ടാഴ്ചയാണ് സുപ്രീംകോടതി സമയം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ലളിതിന്‍റെ നേതൃത്വത്തിലുള്ള സമിതിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിന് മൂന്നു മാസമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ഗവര്‍ണര്‍ അംഗീകരിച്ച സമിതിയുടെ ശുപാര്‍ശകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സമിതി നിര്‍ദേശിച്ച ഏതെങ്കിലും ആള്‍ യോഗ്യനല്ലെന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ കാര്യകാരണങ്ങള്‍ വ്യക്തമാക്കി മടക്കി അയക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇടക്കാല വൈസ് ചാന്‍സലര്‍മാരെ (വിസി) നിയമിച്ചുകൊണ്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമവിരുദ്ധമല്ലെന്നുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സമിതിയുടെ പ്രവര്‍ത്തനത്തിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായി രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തുന്ന ഭേദഗതി ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കിയിരുന്നു.പുതിയ സെര്‍ച്ച് കമ്മിറ്റി വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ഭരണകക്ഷിയുടെ നിയന്ത്രണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആരോപിച്ച് 2023 ലെ പശ്ചിമ ബംഗാള്‍ സര്‍വകലാശാല നിയമ (ഭേദഗതി) ബില്ലിനെ ബിജെപി എതിര്‍ത്തിരുന്നു.
