ഇന്ന് ഒന്നാം ഓണം; നാട് ഉത്രാടപ്പാച്ചിലിലേക്ക്

ഇന്ന് ഉത്രാടം. മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്.

ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയുന്ന ഇടങ്ങള്‍ കേരളത്തിലുണ്ട്.ഈ ദിവസം കുട്ടികള്‍ ഓണം ആഘോഷിക്കുകയും, മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കുന്നതിനുമായുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് പറുയന്നത്. കേരളത്തില്‍ ചിലയിടങ്ങളില്‍ ഉത്രാട ദിനം തിരുവോണ ദിനം പോലെ ആഘോഷിക്കുന്നവരുമുണ്ട്.ജന്മി വ്യവസ്ഥ നിലനിന്നിരുന്ന സമയത്ത് കര്‍ഷകര്‍ അവരുടെ വിളകള്‍ കാഴ്ച്ച വസ്തുക്കളായി ജന്മിമാര്‍ക്ക് നല്‍കാറുണ്ടായിരുന്നു. തുടര്‍ന്ന് തറവാട്ടിലെ കാരണവന്‍മാര്‍ ഇവര്‍ക്ക് ഓണാശംസ നേരുകയും പകരം സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയുമാണ് ചെയ്യാറുള്ളത്. ഉത്രാട നാളിലാണ് അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കുക.

വീടിന്റെ കിഴക്കേ മുറ്റത്ത് ചാണകം മെഴുകിയ തറയില്‍ ഓരോ പത്ത് നാള്‍ പൂക്കളമിടും. ഇതില്‍ ഏറ്റവും വലിയ പൂക്കളമിടുന്ന ദിവസമാണ് ഉത്രാട ദിനം. നിരവധി ആചാരങ്ങള്‍ ഉത്രാട ദിനത്തെ കുറിച്ച് പറയാറുണ്ട്. ഉത്രാട പകലാവുമ്പോഴേക്ക് തട്ടിന്‍പുറത്ത് നിന്ന് മരംകൊണ്ടുള്ള ഓണത്തപ്പന്മാര്‍ താഴെ ഇറങ്ങും. അവരെ തേച്ചുരച്ച് കുളിപ്പിച്ച് നാലുകെട്ടില്‍ നിരത്തി ഇരുത്തു.ഇവരെ പിറ്റേ ദിവസം വെളുപ്പിന് അരിമാവ് അണിയിച്ച് ചന്ദനക്കുറി തൊടുവിച്ച് തുമ്പക്കുടവും ചെത്തിപ്പൂവും ചൂടിച്ച് കിഴക്കേ മുറ്റത്തും നാലുകെട്ടിലും നടുമുറ്റത്തുമെല്ലാം കുടിയിരുത്തും. എന്നാല്‍ ഇവ ഇപ്പോള്‍ അപൂര്‍വമായി മാത്രമേ ചെയ്യാറുള്ളൂ. ഉത്രാട ദിനത്തില്‍ വൃത്തിയാക്കി വെക്കുന്ന വിളക്കുകളില്‍ വലുതൊരെണ്ണത്തില്‍ നിറയെ എണ്ണയൊഴിച്ച് കത്തിക്കാറുമുണ്ട്. പൂക്കള്‍ ഉപയോഗിച്ച് വിളക്ക് അലങ്കരിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!