ഷോൺ റോജർക്ക് സെഞ്ച്വറി, കേരളം ശക്തമായ നിലയിൽ

തിരുവനന്തപുരം: സി കെ നായിഡു ക്രിക്കറ്റ് ട്രോഫിയിൽ ചണ്ഡീഗഢിനെതിരെ കേരളം ശക്തമായ നിലയിൽ. ഷോൺ റോജറുടെ സെഞ്ച്വറിയാണ് കേരള ഇന്നിങ്സിന് കരുത്തായത്. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിലാണ്. കളി നിർത്തുമ്പോൾ 135 റൺസോടെ ഷോൺ റോജറും ഒൻപത് റൺസോടെ ഏദൻ ആപ്പിൾ ടോമും ആണ് ക്രീസിൽ.

ടൂർണ്ണമെന്‍റിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സ് തുറന്ന ക്യാപ്റ്റൻ അഭിഷേക് നായരും റിയ ബഷീറും ആദ്യ വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. 27 റൺസെടുത്ത റിയ ബഷീറാണ് ആദ്യം മടങ്ങിയത്.

തുടരെ മൂന്ന് വിക്കറ്റുകൾ വീണ് തകർച്ച മുന്നിൽക്കണ്ട കേരളത്തിന് തുണയായത് ഒരറ്റത്ത് ഉറച്ച് നിന്ന ഷോൺ റോജറുടെ ഇന്നിങ്സാണ്.

11 ഫോറും മൂന്ന് സിക്സുമടക്കം 135 റൺസുമായി ഷോൺ പുറത്താകാതെ നില്ക്കുകയാണ്. വരുൺ നായനാരും രോഹൻ നായരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ഏഴാമനായെത്തിയ ആസിഫ് അലിയുടെ പ്രകടനം ഷോണിന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്തു. 74 റണ്‍സാണ് ആസിഫ് അലി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!