ന്യൂഡൽഹി: കാനഡയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ. ആക്ടിങ് ഹൈക്കമ്മിഷണർ സ്റ്റ്യുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബേർട്ട് എന്നിവർ ഉൾപ്പെടെ ആറ് നയതന്ത്രപ്രതിനിധികളെയാണ് ഇന്ത്യ പുറത്താക്കിയത്.

ശനിയാഴ്ച രാത്രി 12-നുമുൻപായി ഇന്ത്യ വിടണമെന്നാണ് ഇവർക്കുള്ള നിർദേശം. ഇതിനൊപ്പം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചിട്ടുമുണ്ട്. അതേസമയം കാനഡയും ഇന്ത്യയുടെ ഹൈക്കമ്മിഷണറടക്കം ആറു നയതന്ത്രപ്രതിനിധികളെ പുറത്താക്കി.

ഖലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജർ വധക്കേസിനെച്ചൊല്ലിയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്.

കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരേ കടുത്ത ആക്ഷേപം ഉന്നയിച്ച കനേഡിയൻ സർക്കാരിനെ വിദേശകാര്യമന്ത്രാലയം രൂക്ഷഭാഷയിൽ വിമർശിച്ചു. ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ സ്റ്റുവർട്ട് വീലറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.


