എഴുത്ത് : ജി. ബദരി നാഥ്

ഹോമിയോ മരുന്ന് ഒരാൾ കഴിച്ചാൽ വീട്ടിൽ എല്ലാവരും ഉറങ്ങുമോ? മരുന്ന് നൽകിയതിന്റെ പിറ്റേദിവസം ഏലിയാമ്മ ചോദിച്ചപ്പോൾ ഡോ. എസ്. ഗോപികുമാറിന് അതിന്റെ അർത്ഥം മനസ്സിലായി. ഭർത്താവായ ജോസഫ് അന്ന് നന്നായി ഉറങ്ങിയതിനാൽ ഭാര്യയായ ഏലിയാമ്മയ്ക്കും ഉറങ്ങാൻ കഴിഞ്ഞു. രണ്ടാഴ്ചയോളമായി ജോസഫ് നന്നായി ഉറങ്ങിയിട്ട്. രാത്രിയിൽ മൂത്രം ഒഴിപ്പ് കൂടുതലായതിനാൽ മറ്റുള്ളവർക്കും ഉറങ്ങാൻ കഴിയുന്നില്ല. ആശുപത്രിയിൽ കാണിച്ചു, 84 വയസ്സ് ആയതിനാൽ ഇനി ഓപ്പറേഷൻ പറ്റില്ല. യുഎസ്എയിലുള്ള ഡോക്ടറായ മകൻ പറഞ്ഞു നാട്ടിൽ ഹോമിയോ ഡോക്ടറെ കാണുവാൻ. അങ്ങനെയാണ് അവർ ഡോ. എസ്. ഗോപികുമാറിനെ കാണുവാനിടയായത്.

രാത്രിയിൽ ജോസഫ് നിർത്താതെ സംസാരിച്ചു കൊണ്ടേയിരിക്കും. രാത്രിയിൽ ജനക്കൂട്ടം പള്ളിയിലേക്ക് നടക്കുന്നതും, പകൽ ബാങ്കിലെ ക്യാഷിന്റെ കണക്കും – അതിൽ മകന് കൊടുക്കുന്നതും മകൾക്ക് കൊടുക്കുന്നതും പിന്നെ തനിക്കുള്ളതിനെക്കുറിച്ചും. മരണത്തെ മുന്നിൽ കണ്ടുള്ള ജോസഫിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഭൗതിക ജീവിതം വഹിച്ചുകൊണ്ടുള്ള യാത്രയും, മാനസിക തലത്തിൽ ഉണ്ടാക്കിയ ഭയവുമാണ് ശാരീരിക തലത്തിൽ മൂത്രമൊഴിക്കലിന്റെ കാരണമായതും. പ്രോസ്റ്റേറ്റ് സ്വെല്ലിംഗ് എന്ന അസുഖത്തിന് രോഗിയുടെ ശാരീരിക മാനസിക നിലയെ മനസ്സിലാക്കി ഹോമിയോ മരുന്ന് നിർദ്ദേശിക്കുന്നു.

ഇത്തരത്തിൽ ഓരോ മരുന്നുകളെയും എങ്ങനെ ഉപയോഗിക്കാം എന്ന വിശകലനമാണ് സെപ്റ്റംബർ 11ന് വെള്ളിയാഴ്ച അന്തരിച്ച ഡോ. എസ്. ഗോപികുമാറിന്റെ – ഹോമിയോ മരുന്നിനൊരാസ്വാദനം – എന്ന പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത്. ഇടവ കാപ്പിൽ സ്വദേശികളായ പരേതരായ സദാശിവൻ പിള്ളയുടെയും പാറുക്കുട്ടി അമ്മയുടെയും മകനായ ഡോ. ഗോപികുമാർ ഇലകമൺ കൊച്ചു പാരിപ്പള്ളി മുക്ക് ചന്ദ്രകാന്തത്തിൽ ആയിരുന്നു ദീർഘകാലമായി താമസം. ഭാര്യയായ ബിന്ദു. എൻ.ആർ. ഏതാനും വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. മക്കളായ ഡോക്ടർ ദിവ്യയും ദിവേഷും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ന്യൂസിലാന്റിൽ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.

ഹോമിയോപ്പതിയിൽ പ്രഗൽഭനായ ഡോക്ടർ ഗോപികുമാർ, വർക്കല ഹോമിയോ ആശുപത്രിയിൽ നിന്ന് ചീഫ് മെഡിക്കൽ ഓഫീസർ ആയിട്ടാണ് റിട്ടയർ ചെയ്തത്. തുടർന്ന് വീട്ടിലെ വിശ്രമത്തിനിടയിലാണ് അദ്ദേഹം ഹോമിയോ മരുന്നിന് ഒരു ആസ്വാദനം എന്ന പുസ്തകം എഴുതിയത്. വിദ്യാർത്ഥികളുടെ ബൗദ്ധിക-മാനസിക നില അപഗ്രഥനം ചെയ്തു വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റിൽ ഡോക്ടർ ഗോപികുമാർ അവതരിപ്പിച്ച പ്രസിദ്ധമായ സ്കൂൾ ഹെൽത്ത് പദ്ധതിയാണ് ജ്യോതിർഗ്ഗമയ. പ്രസ്തുത പദ്ധതി ജില്ലയിൽ രണ്ട് സ്കൂൾ എന്ന പ്രകാരം സംസ്ഥാനം മുഴുവൻ നടപ്പാക്കിയിരുന്നു. ഈ പദ്ധതിയുടെ വിജയ ശേഷമാണ് ജനനി, പുനർജ്ജനി, സീതാലയം, ചേതന എന്നീ ഒട്ടേറെ പദ്ധതികൾ ഡിപ്പാർട്ട്മെന്റ് വന്നത്.

ഡോക്ടർ ഗോപികുമാറിന്റെ അനുഭവ സമ്പത്തുകൾ പകർന്നു നൽകിയിട്ടുള്ള വെബിനാറുകൾ ഹോമിയോ ചികിത്സാ രംഗത്ത് തനിക്ക് തുണയായതായി സ്വിറ്റ്സർലൻഡിലെ ഹോമിയോ ഡോക്ടർ ആയ ഡോക്ടർ പോൾ മുട്ടത്തു കുന്നേൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നെന്നും ഓർക്കാനും അനുയോജ്യ ഉപയോഗം ഉദാഹരണസഹിതവും സാധ്യമാക്കുന്ന ഗ്രന്ഥമാണ് ഹോമിയോ മരുന്നിനൊരാസ്വാദനം എന്ന് അദ്ദേഹം പരാമർശിക്കുന്നു.

അലോപ്പതിയിൽ നിന്ന് വ്യത്യസ്തമായി ഹോമിയോപ്പതിയിൽ പരിശോധനയ്ക്ക് നിരവധി ഘടകങ്ങൾ അന്വേഷിച്ച് അറിയേണ്ടതുണ്ട്. ഓരോ ഹോമിയോ മരുന്നും ഓരോ വ്യക്തിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ്. ഒരാളിന്റെ ആഗ്രഹങ്ങൾ, സ്വഭാവ പ്രത്യേകതകൾ, മറ്റുള്ളവരോട് ഉള്ള സമീപനം, ജീവിതാഭിലാഷം, സുഖദുഃഖങ്ങൾ, ലൈംഗിക താൽപര്യം, യാത്രാ അഭിരുചി, വൈകാരിക ക്ഷമത തുടങ്ങിയ മാനസിക ലക്ഷണങ്ങൾ, ശരീരഘടന, ദാഹം, ദാഹമില്ലായ്മ, വിശപ്പ്, മലശോധന, ഉറക്കം, സ്വപ്നം, ഉറക്കമില്ലായ്മ, ആഹാര താൽപര്യങ്ങൾ, വെറുപ്പ്, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ ഒട്ടേറെ വസ്തുതകൾ അറിഞ്ഞു വേണം മരുന്ന് നിർദ്ദേശിക്കാൻ.അവ പ്രിസ്ക്രിപ്ഷൻ രൂപത്തിൽ പ്രയോജനപ്പെടുത്തുന്ന വിധം ഡോക്ടർ ഗോപികുമാർ സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിച്ചിരുന്നു. ഒട്ടേറെ പ്രസിദ്ധീകരണങ്ങൾക്കൊടുവിൽ അദ്ദേഹം അതിൽ നിന്നും വിടവാങ്ങി. വിടവാങ്ങൽ അദ്ദേഹത്തിന് ഒരു വഴിത്തിരിവ് ആവുകയായിരുന്നു. പരിചയമുള്ളവരും ഇല്ലാത്തവരും ഫോണിൽ വിളിച്ചും മെസ്സേജ് അയച്ചും അദ്ദേഹത്തിനോട് ആവശ്യപ്പെട്ടതിൽ പ്രകാരമാണ് പുസ്തകരൂപത്തിൽ അറിവുകൾ പ്രസിദ്ധപ്പെടുത്തിയത്. മരുന്നുകളുടെ വ്യക്തിത്വം, രോഗലക്ഷണം ഇവയെല്ലാം മരുന്ന് തെരഞ്ഞെടുക്കാൻ എങ്ങനെ സഹായകമാകും എന്ന് അദ്ദേഹം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. പുസ്തകം തയ്യാറാക്കുന്നതിന് ഡോക്ടർ ജിതിൻ പ്രഭാകർ, റിട്ട. ഡിഎംഒ ഡോക്ടർ കെ. സുരേഷ് എന്നിവർ അദ്ദേഹത്തിന് സഹായകമായിട്ടുണ്ട്.

ആതുരാശ്രമം എൻഎസ്എസ് കോളേജിൽ നിന്നും ഹോമിയോപ്പതിയിൽ ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും ഡിഗ്രി കരസ്ഥമാക്കിയ ഡോക്ടർ ഗോപികുമാർ ദീർഘകാലം സർക്കാർ സർവീസിൽ മെഡിക്കൽ ഓഫീസർ ആയി പ്രവർത്തിച്ചു. 2013ൽ ചീഫ് മെഡിക്കൽ ഓഫീസർ തസ്തികയിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ സംഭാവനയാണ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുള്ള ജ്യോതിർഗമയ സ്കൂൾ ഹെൽത്ത് പ്രോഗ്രാം. വൈസ് മെൻ ക്ലബ്ബ്, ലയൺസ് ക്ലബ്ബ് എന്നിവയിലൂടെ സാമൂഹ്യരംഗത്തും ഡോക്ടർ ഗോപികുമാർ കർമ്മനിരതനായിരുന്നു. ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐ എച്ച് കെ യുടെ ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡണ്ടായി നിരവധിതവണ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.















Leave a Reply