Advertisement

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി തുടരുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ഡിജിപിയുമായ ആര്‍ ശ്രീലേഖ. പൂര്‍ണ്ണമായി ആരോഗ്യസ്ഥിതിയില്‍ എത്താത്തതു കൊണ്ടാണ് ഇതേവരെ മുഖ്യധാരാ മാധ്യമങ്ങളോട് സംസാരിക്കാന്‍ സാധിക്കാത്തത്. തിങ്കളാഴ്ച മുതല്‍ വീണ്ടും പൊതുസേവനത്തില്‍ ഉണ്ടാകുമെന്നും ശ്രീലേഖ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

താന്‍ ബിജെപിയില്‍ നിന്നും രാജിവെച്ചു, വേറെ പാര്‍ട്ടിയില്‍ ചേര്‍ന്നു തുടങ്ങിയ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ഇതൊന്നും കണ്ടിരുന്നില്ല. അത്രയ്ക്ക് മോശമാക്കാന്‍ ശ്രമിച്ചതിനാലാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നത്. താന്‍ ബിജെപിയില്‍ അംഗത്വം എടുത്തതു മുതല്‍ മാധ്യമങ്ങളുടെ ഒരുമാതിരി ചൊറിച്ചില്‍ ഉണ്ട്. അത് ഇലക്ഷന്‍ സമയത്ത് വര്‍ധിക്കുകയും ചെയ്തിരുന്നു. ശ്രീലേഖ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിട്ടില്ല. ബിജെപിയുടെ അഭിമാനമുള്ള അംഗമായി മരിക്കും വരെ തുടരും. നമ്മുടെ മണ്ണില്‍ നിന്നു തന്നെ ഉറവെടുത്തിട്ടുള്ള, വളരെ നല്ല ആദര്‍ശമുള്ള, രാഷ്ട്രസേവനത്തിന് ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വലിയ പാര്‍ട്ടിയാണ് ബിജെപി. അതില്‍ അംഗമായിരിക്കുക എന്നത് വളരെ അഭിമാനമുള്ള കാര്യമാണെന്നും ശ്രീലേഖ യൂട്യൂബ് വീഡിയോയില്‍ പറയുന്നു.

ബിജെപി അംഗത്വം എടുത്തിട്ട് രണ്ടു വര്‍ഷമേ ആയുള്ളൂവെങ്കിലും, പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി. ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് ലഭിച്ചു. ഇതിലെല്ലാം വളരെ സന്തോഷമുണ്ട്. പാര്‍ട്ടി അധികാരത്തിലേറി ഒമ്പതു മാസം കഴിഞ്ഞിട്ടും, മേയര്‍ ആക്കാത്തതില്‍ താന്‍ പിണക്കത്തിലാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിലൊന്നും ഒരു കാര്യവുമില്ല. ഞാനു കൂടി അടങ്ങുന്ന സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്.

താന്‍ കോണ്‍ഗ്രസില്‍ പോകുന്നു എന്നു പറയുന്നത് അസംബന്ധമാണ്. മോദി ഭക്തയായ താന്‍, ബിജെപി വിട്ട് മറ്റൊരു പാര്‍ട്ടിയിലും പോകില്ല. ഡിജിപിയായ ഒരാളോട് പൊലീസ് കോണ്‍സ്റ്റബിള്‍ ആയിട്ട് പ്രവര്‍ത്തിക്കാനാകില്ല. കടുത്ത ജോലി സമ്മര്‍ദ്ദത്തിലാണ് താന്‍ പൊയ്‌ക്കൊണ്ടിരുന്നത്. ഞായറാഴ്ച പോലും ഒഴിവില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വാര്‍ഡിലെ പല കാര്യങ്ങളിലും മേയര്‍ക്ക് സെപ്റ്റംബര്‍ 30 ന് കത്തയച്ചിരുന്നു. പല പല കാര്യങ്ങളും താന്‍ ഉന്നയിച്ചിരുന്നു. അതുനടന്നില്ലെങ്കില്‍ കൗണ്‍സിലറായി തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും സൂചിപ്പിച്ചിരുന്നു.

മേയര്‍ക്ക് അയച്ച കത്തിന്റെ കോപ്പി കലക്ടര്‍ക്കും കൂടി മാര്‍ക്ക് ചെയ്തു. കാരണം കലക്ടര്‍ക്ക് കൂടി ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. സഭയുടെ അധ്യക്ഷനായ മേയര്‍ ഇക്കാര്യങ്ങളെല്ലാം അറിയണമെന്ന് ശ്രീലേഖ പറഞ്ഞു. ശാരീരികമായ അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് താന്‍ കടുത്ത ബുദ്ധിമുട്ടിലായി. രണ്ടുമാസം ലീവെടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. അത് കൗണ്‍സിലര്‍ എന്ന പ്രവര്‍ത്തനത്തിന് തടസ്സമാകും എന്നതിനാലാണ്, പാര്‍ട്ടി പ്രവര്‍ത്തക മാത്രമായി തുടരാം എന്ന് ആലോചിച്ചത്. എന്നാല്‍ രാജി തീരുമാനത്തില്‍ നിന്നും പാര്‍ട്ടി ഉന്നത നേതാക്കള്‍ പിന്തിരിപ്പിച്ചെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!