Advertisement

നെടുമ്പാശേരി വാഹനാപകടം: അമിതവേഗത കണ്ടെത്താൻ മിനി കൂപ്പറിന്റെ ഇഡിആർ പരിശോധിക്കും; അന്വേഷണം ശക്തമാക്കി പൊലീസ്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താൻ ഇവന്റ് ഡാറ്റാ റെക്കോർഡർ (ഇഡിആർ) പരിശോധിക്കും. മിനി കൂപ്പർ സർവീസ് സെന്ററിലെ വിദഗ്ധരുടെ സഹായത്തോടെയായിരിക്കും പരിശോധന. അപകടസമയത്ത് കാർ 150 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്നാണ് പ്രതി സുഹൈൽ സജീവ് പൊലീസിന് നൽകിയ മൊഴി.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ ഇഡിആർ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. അപകടസമയത്തെ വേഗത, ബ്രേക്ക് ഉപയോഗിച്ചിരുന്നോ തുടങ്ങിയ വിവരങ്ങൾ ഇഡിആറിൽ നിന്ന് ലഭിക്കും. ഇതിനായി ബിഎംഡബ്ല്യുവിൽ നിന്നുള്ള മെക്കാനിക്കുകളുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

ശനിയാഴ്ച ഉച്ചമുതൽ പ്രതി മദ്യലഹരിയിൽ വാഹനമോടിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. മദ്യത്തിന് പുറമേ മറ്റേതെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ അമീർ, ജോയൽ എന്നിവരെക്കൂടി നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കൊപ്പം ബാറുകളിൽ കയറി മദ്യപിച്ചവരാണ് ഇരുവരും. മദ്യപിച്ചശേഷം അമിതവേഗത്തിൽ വാഹനം ഓടിച്ചിട്ടും തടയാൻ ശ്രമിക്കാതിരുന്നതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെയും കേസെടുക്കും. അപകടത്തിനുശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഗണർ കാറിൽ ഇവർ രക്ഷപ്പെട്ടതായാണ് വിവരം. പ്രതിക്കൊപ്പമുണ്ടായിരുന്നവർക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.

എറണാകുളത്ത് പഠനത്തോടൊപ്പം തൃക്കാക്കരയിലെ കരകൗശല വ്യാപാര സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ പുലർച്ചെ 1.45ഓടെ നെടുമ്പാശേരി വിമാനത്താവള റോഡിലെ മൂഴിയൽ ഭാഗത്തായിരുന്നു അപകടം.

ആലപ്പുഴ സ്വദേശിയും കാക്കനാട് താമസക്കാരനുമായ പ്രതി സുഹൈൽ സജീവ് (19) റിമാൻഡിലാണ്. അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നുപേരെ പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം വിമാനത്താവളത്തിന് സമീപത്തെത്തി ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!