Advertisement

സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍സര്‍ക്കാര്‍ ഇടപെടല്‍; 63.37 കോടി രൂപ അനുവദിച്ചു

നെല്ല് സംഭരണം

തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍. 2022-23 സംഭരണ വര്‍ഷത്തില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 63.37 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) 68%-ല്‍ നിന്നും 64.5% ആയി കുറയ്ക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന്, 2022-23 സംഭരണ വര്‍ഷത്തില്‍ സപ്ലൈകോ വഴി നെല്ല് സംസ്‌കരിച്ച മില്ലുടമകള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാനാണു സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും 63.37 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര മാനദണ്ഡപ്രകാരം ഒരു ക്വിന്റല്‍ നെല്ല് സംസ്‌കരിക്കുമ്പോള്‍ 68% (68 കിലോ) അരി ലഭിക്കണം. എന്നാല്‍ കേരളത്തിലെ പ്രത്യേകിച്ച് കുട്ടനാടന്‍ മേഖലയിലെ നെല്ലിന്റെ പ്രത്യേകതകള്‍ കാരണം ഇത്രയും അരി ലഭിക്കാറില്ലെന്നും അത് 64.5% ആയി കുറയ്ക്കണമെന്നുമായിരുന്നു മില്ലുടമകളുടെ ആവശ്യം.

2017 സെപ്തംബറില്‍ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത് നെല്ല് സംസ്‌കരണത്തില്‍ കിട്ടുന്ന അരിയുടെ ഔട്ട് ടേണ്‍ റേഷ്യോ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 68 ശതമാനം കിട്ടുന്നില്ല എന്ന കാരണത്താല്‍ മില്ലുടമകള്‍ യഥാസമയം നെല്ലെടുക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന്,
ഔട്ട് ടേണ്‍ റേഷ്യോ ഒരു ക്വിന്റല്‍ നെല്ലിന് 68 ശതമാനത്തില്‍ നിന്നും 64.5 ശതമാനം ആയി കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തുന്നത് വരെയുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന് 2018 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഔട്ട് ടേണ്‍ റേഷ്യോയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം വീണ്ടും ആവശ്യപ്പെടും. വരും വര്‍ഷങ്ങളില്‍ റേഷ്യോ വ്യത്യാസം മൂലമുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!