Advertisement

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനപദ്ധതി സഹായധനം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി അബ്ദുള്‍ ഗഫൂര്‍


തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി നിലവിലെ ഭവനപദ്ധതികള്‍ ഏകോപിപ്പിച്ചുകൊണ്ട് സമഗ്രമായ പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍. വീട് നിര്‍മ്മാണത്തിന് നിലവില്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതികള്‍ പരിഗണിച്ച് ധനസഹായം വര്‍ധിപ്പിക്കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.


ലൈഫ് ഭവന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം വീടുകള്‍ ലഭിക്കുന്നില്ലെന്ന വ്യാപക പരാതി ചൂണ്ടിക്കാട്ടി പാറക്കല്‍ അബ്ദുള്ള ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളുടെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ പുനര്‍ഗേഹം ഉള്‍പ്പെടെയുള്ള നിലവിലെ പദ്ധതികളെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒറ്റ പദ്ധതിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും കാലതാമസമില്ലാതെ സുരക്ഷിതമായ ഭവനങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
തീരദേശവാസികളുടെ പുനരധിവാസത്തിനായുള്ള പുനര്‍ഗേഹം പദ്ധതിയുടെ തുകയില്‍ വെട്ടിക്കുറവ് വരുത്തിയിട്ടില്ലെന്നും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മത്സ്യോല്‍പ്പാദനം നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാക്കും. ഇതിന്റെ ഭാഗമായി ഉള്‍നാടന്‍ മത്സ്യമേഖലയിലടക്കം ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായുള്ള പുതിയ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൂടി പ്രയോജനപ്പെടുത്തി ‘ബ്ലൂ എക്കോണമി’ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ മത്സ്യോല്‍പ്പാദനം കൂട്ടുക. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സബ് പ്ലാനില്‍ ഉള്‍പ്പെടുത്തി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.


നിലവിലുള്ള ഹാര്‍ബറുകളില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുമോ എന്നത് സര്‍ക്കാര്‍ പരിശോധിക്കും. വെട്ടം പഞ്ചായത്തിനെ ഇന്റഗ്രേറ്റഡ് മോഡല്‍ വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും ടി.എം ശശി, ഫൈസല്‍ ബാബു, വി മുരളീധരന്‍, കുറുക്കോളി മൊയ്തീന്‍, സിവി ശാന്തകുമാര്‍, പി.കെ നവാസ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!