91-ാമത് ശിവഗിരി തീര്‍ത്ഥാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

വര്‍ക്കല : 91-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് മുന്നില്‍ ഭദ്രദീപം തെളിയിച്ചാണ് മുഖ്യമന്ത്രി 91-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം ഉദ്ഘാടനം ചെയ്തത്. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജന.സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് ബ്രഹ്‌മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

കേരളത്തിന്റെ നവോത്ഥാന മേഖലയ്ക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്ന മുഖ്യമന്ത്രിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ കൂടാതെ കേരളത്തിന്റെ നവോത്ഥാന മേഖലയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ലായെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അതുകൊണ്ടാണ് ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കേരള ജനതയ്ക്ക് വേണ്ടി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായി അംഗീകരിക്കണമെന്ന് ചടങ്ങില്‍ ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ആവശ്യപ്പെട്ടു.

ശിവഗിരി തീര്‍ത്ഥാടനം ലാളിത്യത്തിന്റെയും നന്മയുടെയും പ്രതീകമായിരിക്കണമെന്ന് ആഗ്രഹിച്ച ആളാണ് ശ്രീനാരായണ ഗുരുദേവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഒരിക്കല്‍ നിലനിന്നിരുന്ന ആചാരങ്ങള്‍ അനാചാരങ്ങളാണെന്ന് തിരിച്ചറിഞ്ഞ മഹദ് വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ വലിയൊരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്തിയിരുന്ന അവസ്ഥയില്‍നിന്ന് നവോത്ഥാന പ്രക്രിയയിലൂടെ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. നവോത്ഥാന പ്രക്രിയയിലൂടെ ഗുരുദേവന്‍ സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തെ മനുഷ്യര്‍ക്ക് ജീവിക്കാവുന്ന ഇടമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, രമേശ് ചെന്നിത്തല എം.എല്‍.എ, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. അഡ്വ.വി.ജോയി എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, ഗുരുധര്‍മ്മ പ്രചരണ സഭ മുഖ്യരക്ഷാധികാരി ഡോ.കെ.സുധാകരന്‍, സേവനം യു.എ.ഇ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അമ്പലത്തറ രാജന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സ് ചെയര്‍മാന്‍ കെ.കെ.ശശിധരന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.ബാബുരാജ്, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ശിവഗിരി എയ്ഡഡ് സ്‌കൂള്‍സ് കോര്‍പറേറ്റ് മാനേജര്‍ ശ്രീമദ് വിശാലാനന്ദ സ്വാമികള്‍ കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന സാങ്കേതിക ശാസ്ത്ര സമ്മേളനത്തിന്റെ ഉദ്ഘാടകനായി നിശ്ചിയിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന് അതില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിച്ചേരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!