
ഓറിയന്റൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി മാതൃഭാഷയുടെ മധുരം; ‘മലയാളശ്രീ’ക്ക് തുടക്കം

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ സവിശേഷമായ ഒരു ചുവടുവെപ്പിന് ഇന്ന് തുടക്കം കുറിച്ചു. സംസ്ഥാനത്തെ ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്ക് അവരുടെ മാതൃഭാഷയായ മലയാളം പഠിക്കാനുള്ള അവസരമൊരുക്കുന്ന ‘മലയാളശ്രീ’ പദ്ധതി തിരുവനന്തപുരം ശിക്ഷക് സദനിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

നമ്മുടെ ഓറിയന്റൽ സ്കൂളുകളിൽ സംസ്കൃതവും അറബിക്കും മുഖ്യവിഷയങ്ങളായി പഠിക്കുമ്പോൾ, മാതൃഭാഷയായ മലയാളം സിലബസിൽ ഇല്ലാത്തതുമൂലം അത് പഠിക്കാൻ അവസരം ലഭിക്കാത്ത നിരവധി വിദ്യാർത്ഥികളുണ്ട്. സ്വന്തം വേരുകളും സംസ്കാരവും തിരിച്ചറിയുന്നതിൽ മാതൃഭാഷയ്ക്കുള്ള പങ്ക് വലുതാണ്. ആ തിരിച്ചറിവിലൂന്നിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്റെയും എസ്.സി.ഇ.ആർ.ടി.യുടെയും സഹകരണത്തോടെ ഈ പാഠ്യപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.- മന്ത്രി പറഞ്ഞു.

സംസ്ഥാന സാക്ഷരതാമിഷൻ്റെ തുല്യതാ പാഠപുസ്‌തകങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്കായി ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ചടങ്ങിൽ ശ്രീ. കെ.ടി. ജലീൽ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു.

