കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികൾ മരിച്ച് മാസങ്ങൾ പിന്നിടുംമുമ്പാണ് കേന്ദ്രത്തിന്റെ നടപടി. കുട്ടികളുടെ മരണത്തിനു പിന്നാലെ സാധാരണയായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു, ഇതോടെയാണ് കഫ് സിറപ്പുകളുടെ നിർമാണത്തിലും വിതരണത്തിലും കടുത്ത നിയന്ത്രണം വരുത്താൻ തീരുമാനമായത്.

കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദ്ദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ
വിജ്ഞാപനം പുറത്തിറക്കിയത്.
ഈ ഭേദഗതി പ്രകാരം ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ-യിൽ ഉൾപ്പെടുത്തിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽനിന്ന് “സിറപ്പുകൾ” എന്ന വാക്ക് നീക്കം ചെയ്യുകയും
ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ.

മരുന്നുകളുടെ തെറ്റായ ഉപയോഗം, സ്വയം ചികിത്സ തുടങ്ങിയവ ഒഴിവാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും പുതിയ തീരുമാനം വഴിവെക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിൽ തമിഴ്‌നാട്ടിലെ ശ്രേസൻ ഫാർമ നിർമിച്ച ‘കോൾഡ്രിഫ്’ ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിൽ മാത്രം ഇരുപതിലേറെ കുട്ടികളാണ് മരിച്ചത്.

കമ്മീഷൻ വാങ്ങി മരുന്ന് കുറിച്ച മധ്യപ്രദേശിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജസ്ഥാനിലും സമാനമായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അനുവദനീയമായ അളവിനേക്കാൾ ഏകദേശം 500 മടങ്ങിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ ചുമമരുന്നിൽ അടങ്ങിയിട്ടുണ്ടെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) കണ്ടെത്തിയിരുന്നു.

