തിരുവനന്തപുരം മെട്രോ: DPR സർക്കാരിലേക്ക്‌, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും

തിരുവനന്തപുരം: തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും. പദ്ധതിയുടെ നിർമാണച്ചെലവുമുൾപ്പെടെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യറാക്കുന്ന പൂർണമായ ഡി.പി.ആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.

മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഡി.പി.ആർ. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു സമർപ്പിക്കും. കേന്ദ്ര അനുമതി ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എലിന്റെ നിഗമനം.

പൂർണമായും എലിവേറ്റഡ് (ഉയരപ്പാത) എന്നനിലയിലുള്ള നിർമാണമാണ് ഡി.പി.ആറിൽ നിർദേശിക്കുകയെന്നാണ് സൂചന. സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പൈതൃകമന്ദിരങ്ങൾ സ്ഥിതിചെയ്യുന്ന പ്രധാന പാതയിൽ മെട്രോ സ്റ്റേഷനുകളുൾപ്പെടുന്ന വമ്പൻ നിർമിതികൾ നഗരസൗന്ദര്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നതിനാൽ

ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തിയിരുന്നു. എന്നാൽ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകുമെന്നാണ് നിഗമനം. ഉയരപ്പാതയ്ക്ക് 10000 കോടിരൂപയാകുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ വിലയിരുത്തൽ.

കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും 20 ശതമാനംവീതം സംസ്ഥാന, കേന്ദ്ര സർക്കാർ വിഹിതവുമുപയോഗിച്ച് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!