അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നഴ്‌സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക.

കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. അരളിച്ചെടിയുടെ ഇലകള്‍ക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പല ദേവസ്വം ബോര്‍ഡുകളും അരളിപ്പൂ നിവേദ്യത്തില്‍ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!