പാലക്കാട് ∙ 2020 ഡിസംബർ 25 നു വൈകിട്ട് ആറരയോടെയായിരുന്നു കേരളം നടുങ്ങിയ ആ കൊലപാതകം നടന്നത്. അയൽസംസ്ഥാനങ്ങളിലെ ദുരഭിമാനക്കൊലകളെപ്പറ്റി വായിച്ചും കേട്ടുമൊക്കെ അറിഞ്ഞ മലയാളികൾ, ആ നീചചിന്തയുടെ വിഷം തീണ്ടിയവർ നമ്മുടെ സംസ്ഥാനത്തുമുണ്ടെന്ന് അറിഞ്ഞു നടുങ്ങിയ സംഭവം.

ഇതര ജാതിയിൽനിന്ന് മകൾ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ അച്ഛനും അമ്മാവനും ചേർന്ന് മകളുടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് (27) ആണു വിവാഹം കഴിഞ്ഞതിന്റെ 88-ാം ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു.

ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതിയും ഹരിതയുടെ അമ്മാവനുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49), രണ്ടാംപ്രതിയും ഹരിതയുടെ അച്ഛനുമായ ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47) എന്നിവരുടെ ശിക്ഷയാണ് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) നാളെ വിധിക്കുക.



















Leave a Reply