Advertisement

തിരുവനന്തപുരം ഐഐഎസ്ഇആർ വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും വിളിച്ചോതി “അന്വേഷ 2026”

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ) തിരുവനന്തപുരം, സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ശാസ്ത്രോത്സവമായ “അന്വേഷ 2026” വിതുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ സമാപിച്ചു. 66-ലധികം പ്രോജക്ടുകളും ശാസ്ത്രീയ പ്രദർശനങ്ങളും ഉൾപ്പെട്ട ഗ്രാൻഡ് സയൻസ് എക്സ്പോ ആയിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. തിരുവനന്തപുരം ഐഐഎസ്ഇആർ വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകം, സർഗാത്മകത, വൈവിധ്യമാർന്ന താൽപ്പര്യങ്ങൾ എന്നിവ നേരിട്ടറിയാനുള്ള അവസരമാണ് ഈ പ്രദർശനം സന്ദർശകർക്ക് ഒരുക്കിയത്.

ഒക്ടോബർ 29-ന് വൈകിട്ട് ആറുമണിക്ക് ഐഐഎസ്ഇആർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. എസ്. മുർത്തി ശ്രീനിവാസുലു ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. അന്വേക്ഷയുടെ (അന്വേഷണം)  കാതലായ ആശയം തന്നെ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പ്രാധാന്യമാണെന്ന് 
അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ എല്ലാവർക്കും പഠനം നിരന്തരമായ ഒരു പ്രക്രിയയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  അനുഭവങ്ങളും നിരീക്ഷണങ്ങളും അവയിൽനിന്ന് ഉയർന്നുവരുന്ന ചോദ്യങ്ങളുമാണ് ശാസ്ത്രപുരോഗതിക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും പ്രചോദനമാകുന്നതെന്നും  ഡയറക്ടർ പറഞ്ഞു.

വിദ്യാർത്ഥികളുടെ സംഗീതം, നൃത്തം, നാടകാവിഷ്കാരം തുടങ്ങിയ കലാപരിപാടികൾ ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി. 

ഒക്ടോബർ 30, 31 തീയതികളിൽ നടന്ന ഗ്രാൻഡ് സയൻസ് എക്സ്പോയിൽ പ്രദേശത്തെ വിവിധ സ്കൂളുകളിലും കോളേജുകളിലും നിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു. ആദ്യദിവസം 10 കോളേജുകളിൽ നിന്നും 4 സ്കൂളുകളിൽ നിന്നുമായി ഏകദേശം 850 സന്ദർശകർ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. കൊല്ലം (6), തിരുവനന്തപുരം (4), ഇടുക്കി (2), എറണാകുളം (1), തമിഴ്‌നാട്ടിലെ കന്യാകുമാരി (1) എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ള സ്ഥാപനങ്ങളാണ് പങ്കെടുത്തത്.

രണ്ടാം ദിവസം 6 സ്കൂളുകളിലും 2 കോളേജുകളിലും നിന്നായി 600-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. പൊതുജനങ്ങളും പ്രദർശനം സന്ദർശിച്ചു. കൊല്ലം (4), ആലപ്പുഴ (1), തിരുവനന്തപുരം (1), തമിഴ്‌നാട്ടിലെ മധുര (1) എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പുറമെ ഒരു സയൻസ് ഔട്ട്‌റീച്ച് സൊസൈറ്റിയും പങ്കെടുത്തു.

ഐഐഎസ്ഇആർ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളും സർഗാത്മകതയും പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രദർശനത്തിലെ പ്രോജക്ടുകൾ. തമോഗർത്തങ്ങളുടെ കൂട്ടിയിടി നിരീക്ഷിക്കുന്നതുമുതൽ ആരോഗ്യകരമായ പ്രോട്ടീൻ സപ്ലിമെന്റുകളുടെ വികസനം വരെയുള്ള വ്യത്യസ്ത വിഷയങ്ങൾ പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു. സംവേദനാത്മക പ്രദർശനങ്ങൾ, പ്രവർത്തനക്ഷമമായ മാതൃകകൾ, ശാസ്ത്രീയ പരീക്ഷണങ്ങളുടെ അവതരണങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികൾ ശാസ്ത്രീയ ആശയങ്ങൾ ആകർഷകവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ രീതിയിൽ അവതരിപ്പിച്ചു.

ഐഐഎസ്ഇആർ വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും പ്രോജക്ടുകളിലൂടെ വികസിപ്പിച്ച് വിശാലമായ ജനവിഭാഗങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള സുപ്രധാന വേദിയാണ് അന്വേഷ. അക്കാദമിക പഠനത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കും അപ്പുറത്തേക്ക് ചിന്തിക്കാനും ശാസ്ത്രീയ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് നൂതനമായ മാർഗങ്ങൾ കണ്ടെത്താനും പൊതുജനങ്ങളുമായി, പ്രത്യേകിച്ച് പുതുതലമുറയിലെ പഠിതാക്കളുമായി, ശാസ്ത്രം സംവദിക്കാനും ഈ മേള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമിടയിൽ വിവിധ വിജ്ഞാനശാഖകളെ ബന്ധിപ്പിക്കുന്ന ആശയവിനിമയത്തിനും പരസ്പര അറിവ് പങ്കുവയ്ക്കുന്നതിനും പ്രദർശനം അവസരമൊരുക്കുന്നു.

സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും എത്തിയ വിദ്യാർത്ഥികൾക്ക് യുവ ഗവേഷകരുടെ കാഴ്ചപ്പാടിലൂടെ ശാസ്ത്രത്തെ അടുത്തറിയാനും ശാസ്ത്രാന്വേഷണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താനും ജിജ്ഞാസ എങ്ങനെ പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുന്നുവെന്ന് മനസ്സിലാക്കാനും പ്രദർശനം അവസരമൊരുക്കി. 

ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ലബോറട്ടറികൾ സന്ദർശിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചതും ശാസ്ത്രോത്സവത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയായിരുന്നു. മാർഗനിർദേശത്തോടെയുള്ള ലബോറട്ടറി സന്ദർശനങ്ങളിലൂടെയും അധ്യാപകരുമായും ഗവേഷണ വിദ്യാർത്ഥികളുമായും നടത്തിയ ആശയവിനിമയങ്ങളിലൂടെയും ഐഐഎസ്ഇആർ തിരുവനന്തപുരത്ത് നടന്നുവരുന്ന ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ച് അവർക്ക് നേരിട്ടറിയാൻ സാധിച്ചു. സമകാലിക ശാസ്ത്രകണ്ടെത്തലുകൾക്ക് സഹായകമാകുന്ന ശാസ്ത്രീയ ഉപകരണങ്ങൾ, പരീക്ഷണരീതികൾ, വൈവിധ്യമാർന്ന ഗവേഷണ മേഖലകൾ എന്നിവയെക്കുറിച്ചും അവർക്ക് പരിചയപ്പെടാൻ അവസരം ലഭിച്ചു.

അന്വേഷയിലൂടെ യുവ ഗവേഷകരും വിശാലമായ സമൂഹവും തമ്മിൽ അർത്ഥവത്തായ ആശയവിനിമയത്തിനുള്ള അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ഐഐഎസ്ഇആർ തിരുവനന്തപുരം ലക്ഷ്യമിടുന്നത്. അന്വേഷണാത്മക മനോഭാവത്തെ ആഘോഷിക്കുന്നതിനൊപ്പം ശാസ്ത്രത്തോടുള്ള തങ്ങളുടെ ആവേശം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിൽ ശാസ്ത്രകൗതുകവും ശാസ്ത്രീയ ചിന്താഗതിയും വളർത്തുകയും ചെയ്യുന്നതാണ് അന്വേഷയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!