1 min read

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ ബിജെപി മേയർ ആരാകും ; തീരുമാനം ഇന്ന്

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ ബിജെപി മേയർ ആരാകും എന്നതിൽ തീരുമാനം ഇന്ന്. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ പദവിയിലേക്ക് എത്തുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ ശ്രീലേഖയ്ക്ക് അനുകൂലമാണ്. ശ്രീലേഖയെ കൂടാതെ, ബിജെപി നേതാവ് വി.വി. രാജേഷിന്റെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

രാഷ്ട്രീയ പരിചയമുള്ളയാൾ നയിക്കണമെന്ന അഭിപ്രായം നേരത്തെ ഉയർന്നുവെങ്കിലും അന്തിമ ചർച്ച ശ്രീലേഖയ്ക്ക് അനുകൂലമാണെന്നാണ് വിവരം.തീരുമാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പ്രഖ്യാപിക്കും. നാളെയാണ് കോർപ്പറേഷൻ, നഗരസഭാ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ്.

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ എസ് ശബരീനാഥൻ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ടാവും. ഭൂരിപക്ഷമില്ലെങ്കിലും മേ‌യർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഐഎമ്മും അറിയിച്ചിട്ടുണ്ട്. പുന്നക്കാമു​ഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി ആയിരിക്കും സിപിഐഎമ്മിൻറെ മേ‌യർ സ്ഥാനാർത്ഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ കമ്മിറ്റി, ശിവജിയെ രംഗത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!