1 min read

ലോകം മാറുന്നതിനൊപ്പം പഠനരീതിയും മാറേണ്ടതുണ്ട് : മന്ത്രി വി.ശിവന്‍കുട്ടി

നേമം ആഴാങ്കല്‍ വാക്ക് വേയില്‍ സംഘടിപ്പിച്ച വിദ്യാർത്ഥികളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഇന്ന് ക്ലാസ് മുറികളിലേക്ക് കടന്നുവരുന്നു. പരീക്ഷകളില്‍ മാര്‍ക്ക് വാങ്ങുന്നതിനൊപ്പം പ്രായോഗികമായ അറിവ് നേടിയെടുക്കാനും വിദ്യാർത്ഥികൾ പ്രാപ്തരാകണം. ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കരുതെന്നും എന്തുകൊണ്ട്, എങ്ങനെ എന്ന ചോദ്യങ്ങളില്‍ നിന്നാണ് വലിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഭരണസംവിധാനവും വിദ്യാര്‍ഥികളും തമ്മിലുള്ള ദൂരം കുറയ്ക്കുക എന്നതാണ് മുഖാമുഖത്തിന്റെ പ്രധാന ലക്ഷ്യമെന്നും വിദ്യാർത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ എപ്പോഴും ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം വിദ്യാർത്ഥികള്‍ക്ക് ഉറപ്പുനല്‍കി. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചോ, പാഠ്യപദ്ധതിയെക്കുറിച്ചോ, വിദ്യാർത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചോ തുറന്നു സംസാരിക്കാനുള്ള വേദിയാണിതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പുസ്തകങ്ങളിലെ അറിവിനപ്പുറം ലോകത്തെ പുതിയ കണ്ണുകളോടെ കാണുന്ന വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കുക എന്നതാണ് ‘നെക്സ്റ്റ് ജെന്‍’ മുഖാമുഖം എന്ന പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ്, ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!