പകർച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ മാറ്റി
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി എടുത്തതിന് ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ സ്ഥാനത്തുനിന്ന് നീക്കി. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. പകരം ഡോ. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകി. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ഡയറക്ടറായാണ് ഡോ. റീനയെ തരംതാഴ്ത്തി നിയമിച്ചിരിക്കുന്നത്.
കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാൽ, താൻ 15 ദിവസത്തെ ലീവിന് അപേക്ഷിച്ചിട്ടില്ലെന്നും പനിയും വയറിളക്കവും ബാധിച്ചതിനാൽ രണ്ടര ദിവസത്തെ കാഷ്വൽ ലീവിനാണ് അപേക്ഷിച്ചതെന്നും ഡോ. റീന വെളിപ്പെടുത്തി. ഉത്തരവ് കണ്ട് താൻ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും അവർ പറഞ്ഞു.

സംസ്ഥാനത്ത് നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ ഡയറക്ടർ കൃത്യമായി സഹകരിക്കുന്നില്ല എന്നൊരു ആക്ഷേപം മന്ത്രിയുടെ ഓഫീസിന് ഉണ്ടായിരുന്നു. മണ്ഡലകാലത്ത് ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടർമാർക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന ദേവസ്വം കമ്മീഷണർക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയുടെ കീഴിലായതിനാൽ ഈ കത്ത് മന്ത്രിയെയും വകുപ്പിനെയും വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് പെട്ടെന്നുള്ള ഈ തരംതാഴ്ത്തലെന്നാണ് സൂചന.
