ഇടവയിൽ – പൂവനി –
പദ്ധതിക്ക് തുടക്കമായി.
ഇടവ : വർക്കല ബ്ലോക്ക് പഞ്ചായത്തും ഇടവ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഓണക്കാല പുഷ്പ കൃഷിയായ പൂവനിയ്ക്ക് തുടക്കമായി. പൂവനിയുടെ ഇടവാ പഞ്ചായത്ത് വാർഡ് തല ഉദ്ഘാടനം ആറാം വാർഡിലെ ഇലങ്കത്തറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു.



വൈസ് പ്രസിഡന്റ് പി.സി.ബാബു, ആറാം വാർഡ് മെമ്പർ രവീന്ദ്രൻ നായർ, കൃഷി ഓഫീസർ അനശ്വര. ആർ. എസ്, കൃഷി അസിസ്റ്റന്റ് അനീഷ്.എസ്. യേശുദാസൻ, വാർഡിലെ തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ആയിരം ചെണ്ടുമല്ലി തൈകളാണ് പൂവനിക്കായി ഓരോ വാർഡുകളിലും നട്ടുപിടിപ്പിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരുമായിട്ടുള്ള വനിതാ അംഗങ്ങളാണ് പൂവനിയുടെ തൈകൾ നട്ടുവളർത്തുന്നതും പരിപാലിക്കുന്നതും. കൃഷി വകുപ്പ് മുഖാന്തിരം, ഇടവ കൃഷിഭവനാണ് ഇവർക്ക് തൈകൾ ലഭ്യമാക്കിയിട്ടുള്ളത്. വാർഡുതല ഗ്രൂപ്പുകളായിരിക്കും ഇവയുടെ വിളവെടുപ്പ് നടത്തുന്നതും, പൂക്കൾ വിറ്റഴിക്കുന്നത്. പൂക്കളുടെ ഓണക്കാല മാർക്കറ്റ് ലക്ഷ്യമാക്കിയാണ് ഇപ്പോൾ തൈകൾ നടുന്നത്.



