KJIF ജ്വല്ലറി എക്സിബിഷന് അങ്കമാലി അഡ്ലക്സ് സെന്ററിൽ തുടക്കം; മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവഹിച്ചു

അങ്കമാലി | മീഡിയ ഓറഞ്ച് ന്യൂസ്

രാജ്യത്തെ പ്രമുഖ ആഭരണ വ്യവസായ പ്രദർശനങ്ങളിലൊന്നായ KJIF (Kerala Jewellery International Fair)-ന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമായി. ജൂലൈ 3, 4, 5 തീയതികളിലായി നടക്കുന്ന മൂന്ന് ദിവസത്തെ ജ്വല്ലറി എക്സിബിഷൻ സംസ്ഥാന സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
ആഭരണ വ്യവസായ മേഖലയിലെ ഏറ്റവും പുതിയ ഡിസൈനുകൾ, സാങ്കേതികവിദ്യകൾ, യന്ത്രസാമഗ്രികൾ, നിർമാണ സംവിധാനങ്ങൾ, വ്യാപാര സാധ്യതകൾ എന്നിവ അവതരിപ്പിക്കുന്ന പ്രദർശനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ജ്വല്ലറി നിർമ്മാതാക്കളും വിതരണക്കാരും ബിസിനസ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ആഭരണ വ്യാപാര മേഖലയിലെ വളർച്ചയ്ക്കും നവീന സാങ്കേതികവിദ്യകളുടെ പ്രയോജനപ്പെടുത്തലിനും ഇത്തരം എക്സിബിഷനുകൾ നിർണായകമാണെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ആഭരണ വ്യവസായ രംഗത്തെ സംരംഭകർക്കും വ്യാപാരികൾക്കും പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനും വിപണി സാധ്യതകൾ കണ്ടെത്താനും KJIF മികച്ച വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന ഭാരവാഹികളായ കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ, ബി. പ്രേമാനന്ദ് എന്നിവർ പങ്കെടുത്തു. അസോസിയേഷന്റെ മറ്റ് സംസ്ഥാന-ജില്ലാ ഭാരവാഹികളും ആഭരണ വ്യവസായ മേഖലയിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജൂലൈ 5 വരെ നടക്കുന്ന എക്സിബിഷനിൽ ആഭരണ മേഖലയിലെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതിക നവീകരണങ്ങളും പരിചയപ്പെടുന്നതിനും രാജ്യത്തെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുമായി ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു
- തീയതി: ജൂലൈ 3 മുതൽ 5 വരെ
- സമയം: രാവിലെ 10:00 മുതൽ വൈകുന്നേരം 06:00 വരെ
- സ്ഥലം: അഡ്ലക്സ് ഇന്റർനാഷനൽ കൺവൻഷൻ & എക്സിബിഷൻ സെന്റർ, അങ്കമാലി, കൊച്ചി
പ്രദർശനത്തിന്റെ പ്രത്യേകതകൾ:
- B2B എക്സിബിഷൻ: ഇന്ത്യയിലെ പ്രമുഖ ആഭരണ നിർമാതാക്കൾ, മൊത്തവ്യാപാരികൾ, റീട്ടെയ്‌ലർമാർ എന്നിവരെ ഒരേ കുടക്കീലിന് കീഴിൽ അണിനിരത്തുന്ന വലിയൊരു വ്യാപാര മേളയാണിത്.
- വൈവിധ്യമാർന്ന ശേഖരം: സ്വർണം, വെള്ളി, ഡയമണ്ട്, അമൂല്യരത്നങ്ങൾ എന്നിവയുടെ പുതിയ ഡിസൈനുകൾക്കൊപ്പം വിവാഹ ആഭരണങ്ങൾ, പുരാതന ആഭരണങ്ങൾ (Antique/Temple jewelry), ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ പ്രദർശനത്തിലുണ്ട്.
- സെമിനാറുകളും കൺവെൻഷനുകളും: എക്സിബിഷനോടൊപ്പം സ്വർണ വ്യാപാരികൾക്കായുള്ള ബിസിനസ് സെമിനാറുകൾ, ഫാഷൻ ഷോകൾ, ബാങ്കേഴ്സ് മീറ്റ്, സംസ്ഥാന കൺവെൻഷൻ എന്നിവയും അഡ്ലക്സ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
