Advertisement

ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല; പിഎംഎ സലാം

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം തള്ളി മുസ്ലിം ലീഗ്. ബോര്‍ഡിന് കോടതി നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പിണറായിയുടെ ആരോപണം തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പ്രതിപക്ഷ നേതാവ് കള്ളംപറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാം എന്ന് കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നാല് കേസുകളാണുള്ളത്. ഷിയാ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്. ബോറ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്. മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചിട്ടില്ല, സാങ്കേതികമായി ബോര്‍ഡിന്റെ രൂപീകരണം തെറ്റാണ് എന്ന് പറഞ്ഞ ഒരു കേസ് ഉണ്ട്. രണ്ട് അമുസ്ലിം പ്രതിനിധികളെ വെച്ചിട്ടില്ല എന്ന് പറഞ്ഞ് ഷോണ്‍ ജോര്‍ജ് കൊടുത്ത കേസും ഉണ്ട്. ഇത് നാലും ഒന്നിച്ച് പരിഗണിച്ചാണ് ഹൈക്കോടതി വിചാരണ ആരംഭിച്ചത്.

സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകള്‍ പാലിച്ചിട്ടല്ലാ രൂപീകരണം എന്നാണെങ്കില്‍ അത് പരിശോധിക്കാം എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അല്ലാതെ രണ്ട് അമുസ്ലിംകളെ വെച്ചോളാമെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും സലാം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ടത് സംബന്ധിച്ച് സുപ്രിം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ വിധികളൊക്കെ വരാനുണ്ട്. അതിനനുസൃതമായി രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് അനുസരിച്ചുള്ള തീരുമാനങ്ങള്‍ കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!