Advertisement

ജന്തർ മന്തറിലെ പൊലീസ് നടപടി; ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി. അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മുൻ സുപ്രിംകോടതി ജഡ്ജി ആർ.സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സമിതി. മൂന്ന് വിരമിച്ച ജഡ്ജിമാർ, മുൻ സിബിഐ ഡയറക്ടർ, മുൻ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്.

സുഭാഷ് റെഡ്ഡിക്ക് പുറമെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് അംഗം രവി ശങ്കർ, ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗര്‍, സിബിഐ മുൻ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി ആർ. ബിഷ്ണോയ് എന്നിവരാണ് സമിതിയിലുള്ളത്. സമരത്തിനിടയിലെ പൊലീസിന്‍റെ പെല്ലറ്റ് ആക്രമണം, ഇലക്ട്രിക് ബാറ്റൺ, ലാത്തി, കണ്ണീർ വാതക പ്രയോഗം തുടങ്ങിയവയെ കുറിച്ചുള്ള ആരോപണങ്ങളും വസ്തുതകളും ഉന്നതാധികാര സമിതി പരിശോധിക്കും. പ്രതിഷേധത്തിനിടെ സ്ത്രീകൾക്കെതിരായ ആക്രമണവും പൊലീസ് നിരീക്ഷണവും സമിതി പരിശോധനാവിധേയമാക്കും.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിലെ നടപടികളെ നേരത്തെ പൊലീസ് ന്യായീകരിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണമടക്കം പൊലീസ് നിഷേധിച്ചിരുന്നു. 30,000ത്തിലധികം വരുന്ന പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചതുകൊണ്ടാണ് ഗ്രേഡഡ് ഫോഴ്സ് വേണ്ടിവന്നതെന്നാണ് സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നത്. പിന്നാലെയാണ് സുപ്രിംകോടതി ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ചത്.

സിജെപിയുടെ പാർലമെന്‍റ് മാർച്ച് നിയമവിരുദ്ധമായിരുന്നെന്നാണ് പൊലീസിന്‍റെ നിലപാട്. ആൾക്കൂട്ടം ഒന്നിലധികം നിരകളിലെ ബാരിക്കേഡ് തകർത്തു. മൂന്ന് കിലോമീറ്ററിലധികം പ്രദേശത്ത് മുപ്പതിനായിരത്തോളം ജനക്കൂട്ടമെത്തി. ഇവരെ നിയന്ത്രിക്കാൻ അയ്യായിരം പൊലീസുകാർ മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രതിഷേധം നിയന്ത്രിക്കുന്നതിനിടയിൽ 240 പൊലീസുകാർക്ക് പരിക്കേറ്റെന്നും ആണിയുള്ള ലാത്തിയുപയോഗിച്ചത് പ്രതിഷേധക്കാരിലൊരാളാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ശർമ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!