
വർക്കല: ഗുജറാത്തിലെ അഹമ്മദാബാദിൽ നവംബർ 12 മുതൽ 18 വരെ നടന്ന അക്ഷയ് കുമാർ അന്താരാഷ്ട്ര കുഡോ ചാമ്പ്യൻഷിപ്പിലും ദേശീയ കുഡോ ചാമ്പ്യൻഷിപ്പിലും മികച്ച നേട്ടം കൈവരിച്ച് വർക്കലയുടെ അഭിമാനമായി മാറിയ കായികതാരങ്ങൾക്ക് ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകുന്നു.

വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ 21ന് ഉച്ചയ്ക്ക് 12 മണിക്ക് വർക്കല റെയിൽവേ സ്റ്റേഷനിലാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര കുഡോ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ആദിത്യ യു (50 കിലോഗ്രാം വിഭാഗം), വൈദേഹ് (36 കിലോഗ്രാം വിഭാഗം) എന്നിവർ വെങ്കല മെഡലുകൾ കരസ്ഥമാക്കി.


ദേശീയ കുഡോ ചാമ്പ്യൻഷിപ്പിൽ നീരജ ദാസ് (21 കിലോഗ്രാം വിഭാഗം, ശാരദാഗിരി സ്കൂൾ, വർക്കല) സ്വർണ മെഡലും അനസ് അഹമ്മദ് (39 കിലോഗ്രാം വിഭാഗം) വെള്ളി മെഡലും നേടി.



ആദിത്യ യു, ഹരിനാരായൺ, വൈദേഹ്, ആർദ്ര, ജലീന ദാസ് എന്നിവർ വെങ്കല മെഡലുകളും സ്വന്തമാക്കി.






വർക്കലയിൽ നിന്നും കേരള ടീമിന്റെ ഭാഗമായി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത 18 കുട്ടികൾ ഇടവ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. സ്കൂളിലെ അധ്യാപകനും കുഡോ പരിശീലകനുമായ ശിജി ശശിധരന്റെ നേതൃത്വത്തിലാണ് കുട്ടികൾ പരിശീലനം നേടുന്നത്.

കായികതാരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നിൽ പരിശീലനവും മാർഗനിർദേശവുമായി ശിജി ശശിധരന്റെ പങ്കും ശ്രദ്ധേയമാണ്.

ഈ ചാമ്പ്യൻഷിപ്പിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് സ്വർണ മെഡൽ ജേതാവായ നീരജ ദാസും വെങ്കല മെഡൽ ജേതാവായ ജലീന ദാസും അമ്മയും മകളുമാണെന്നതാണ്. ഒരേ കുടുംബത്തിൽ നിന്നുള്ള ഇരുവരും കായികരംഗത്ത് മെഡൽ നേട്ടം കൈവരിച്ചത് നാടിന് ഇരട്ടി അഭിമാനമായി.

സ്വർണ മെഡൽ നേടിയ കായികതാരങ്ങൾക്ക് ചലച്ചിത്രതാരം അക്ഷയ് കുമാർ നേരിട്ട് മെഡലുകൾ സമ്മാനിച്ചു. 18 ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കിയ ‘സ്റ്റീൽ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന വിസ്പി കരാഡിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നായി 5,400-ലധികം മത്സരാർഥികളാണ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തത്.

അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നാടിന്റെ അഭിമാനമായി മാറിയ താരങ്ങളെ ആദരിക്കുന്നതിനും അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനമർപ്പിക്കുന്നതിനുമായാണ് ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ സ്വീകരണം സംഘടിപ്പിക്കുന്നത്.

















Leave a Reply