വൃതംനോറ്റു ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഫാ. കെ.ജി. മനോജ് യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി
1 min read

വൃതംനോറ്റു ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഫാ. കെ.ജി. മനോജ് യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി

ശിവഗിരി: വൃതംനോറ്റു ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ബാലരാമപുരം പയറ്റുവിള സ്വദേശിയായ ഫാ. കെ.ജി. മനോജ് യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി. മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അനുഗ്രഹം നേടി. നേരത്തെ വൈദികമഠത്തിലെത്തിയ ഫാ. മനോജ് അവിടെ നടന്നു വരുന്ന ജപയജ്ഞത്തിലും കുറേനേരം പങ്കെടുത്തു. മഹാസമാധിയിലും, ശാരദാദേവി സന്നിധിയിലും ദര്‍ശനം നടത്തി ഗുരുപൂജാ പ്രസാദവും സ്വീകരിക്കുകയുണ്ടായി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദസ്വാമിയേയും സന്ദര്‍ശിച്ച ശേഷമാണ് സച്ചിദാനന്ദ സ്വാമിയുമായി സംഭാഷണത്തിലേര്‍പ്പെട്ടത്. ശിവഗിരി മഠത്തിനുവേണ്ടി സച്ചിദാനന്ദ സ്വാമി ഷാള്‍ അണിയിച്ചു അദ്ദേഹത്തെ സ്വീകരിച്ചു.
ശ്രീനാരായണ ഗുരുദേവസന്നിധിയിലേക്ക് എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ശിവഗിരിയില്‍ എത്തുന്ന ഏതൊരാള്‍ക്കും അവരുടെ വിശ്വാസ പ്രമാണവും ആരാധനാരീതികളും മാറ്റേണ്ടതില്ലെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഗുരുദേവന്‍റെ ശ്രീലങ്കയിലെ ശിഷ്യന്‍ ഖാദറിനും ആലുവാ അദ്വൈതാശ്രമത്തില്‍ ഉണ്ടായിരുന്ന ചാക്കോയുടേയും കഥകള്‍ സ്വാമി ധരിപ്പിച്ചു. ശിവഗിരി മഠത്തിന്‍റെ പോഷക സംഘടനയായ ഗുരുധര്‍മ്മപ്രചരണസഭയുടെ നിലവിലെ വൈസ്പ്രസിഡന്‍റ് അഡ്വ.വി.കെ. മുഹമ്മദിന്‍റെ ഗുരുദേവ വിശ്വാസവും ശിവഗിരി ബന്ധവും ഫാ. മനോജുമായുള്ള സംസാരമദ്ധ്യേ സച്ചിദാനന്ദ സ്വാമി പരാമര്‍ശിച്ചു.
പന്തളം കൊട്ടാരവും വാവരുപള്ളിയും സന്ദര്‍ശിച്ചു പമ്പയില്‍ എത്തിയ ശേഷം രാവിലെ ശബരിമലയിലേക്ക് പുറപ്പെടുമെന്നും ഇദ്ദേഹം അറിയിച്ചു. ശിവഗിരിയില്‍ അദ്ദേഹം എത്തിച്ച പ്ലാവിന്‍ തൈയ്യും നട്ടശേഷമായി തുടര്‍യാത്ര.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!