കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ ആഗോള മാതൃക: മന്ത്രി കെ.എം ഷാജി



മധുരക്കിഴങ്ങിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കെ-ഇനം ബ്രാൻഡിലൂടെ ആഗോള വിപണിയിലേക്ക്

‘പുനർജീവന മധുരം’ പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു

ശക്തമായ സ്ത്രീ സാന്നിധ്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കുടുംബശ്രീയ്ക്ക് കഴിഞ്ഞുവെന്നും സ്ത്രീ ഒറ്റയ്ക്കല്ലെന്ന് സമൂഹത്തോട് പറയാൻ സാധിച്ചുവെന്നതാണ് കുടുംബശ്രീയുടെ ശക്തിയെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച, മധുരക്കിഴങ്ങിന്റെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിക്കുന്ന ‘പുനർജീവന മധുരം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



പണ്ട് ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടമാണ് കുടുംബശ്രീ നടത്തിയതെങ്കിൽ ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും വലിയ അമരക്കാരായി മത്സരരംഗത്തുണ്ട്. ദാരിദ്ര്യത്തിൽ നിന്നും അഭിവൃദ്ധിയിലേക്കാണ് സ്ത്രീകൾ മുന്നേറുന്നത്. എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യുന്ന ശാക്തികചേരിയായി കുടുംബശ്രീ മാറി. ജെൻഡർ ഇക്വാളിറ്റിയല്ല ജെൻഡർ ജസ്റ്റിസാണ് സമൂഹത്തിൽ വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.



ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകത്വ പദ്ധതിയായ ‘പുനർജീവന’ത്തിലൂടെ മധുരക്കിഴങ്ങിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കെ-ഇനം ബ്രാൻഡിലുടെ ആഗോള വിപണിയിൽ എത്തിക്കുന്ന പദ്ധതിയാണ് പുനർജീവന മധുരം.

അട്ടപ്പാടിയിലെ സ്ത്രീകളാണ് പ്രധാനമായും മധുരക്കിഴങ്ങ് കൃഷി ചെയ്ത് എത്തിക്കുന്നത്. അഞ്ച് കെ-ഇനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു.



കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ജി.ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലാന്റ് റവന്യൂ വകുപ്പ് കമ്മീഷണർ എച്ച്.ദിനേശൻ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിഘ്‌നേശ്വരി.വി, പ്രിൻസിപ്പൽ സയന്റിസ്റ്റ് എം.എസ് സജീവ്, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ രമേഷ് ജി, അട്ടപ്പാടിയിൽ നിന്നുള്ള വനിതാ കർഷകർ, തദ്ദേശീയ വനിതാ സംരംഭകർ, കുടുംബശ്രീ സംരംഭക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!