യുഎഇയിലെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്; പദ്ധതിയില്‍ ചേരാത്തവര്‍ക്കെതിരെ നടപടി ആരംഭിച്ചു
യുഎഇയിലെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ job loss insurance coverage ചേരാത്തവര്‍ക്കെതിരെ നടപടി ആരംഭിച്ചു. രാജിയോ അല്ലെങ്കില്‍ അച്ചടക്കനടപടിയുടെ ഭാഗമായുള്ള പിരിച്ചുവിടലോ അല്ലാതെ അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സാമ്പത്തികസഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. മറ്റൊരുതൊഴില്‍ കണ്ടെത്തുന്നതുവരെയുള്ള നിശ്ചിതസമയത്തേക്ക് ആളുകള്‍ക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കാനാണ് മന്ത്രാലയം ലക്ഷ്യമിട്ടത്.

തൊഴില്‍ നഷ്ടപ്പെടുന്ന പരമാവധി ആളുകള്‍ക്ക് സാമ്പത്തികപിന്തുണ ഉറപ്പാക്കാനായിരുന്നു യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സമയപരിധി ജൂണ്‍ 30-ല്‍നിന്ന് സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. ശനിയാഴ്ചയോടെ അംഗത്വമെടുത്തില്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വര്‍ഷം ജനുവരി ഒന്നുമുതലാണ് ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തിലായത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 57 ലക്ഷത്തിലേറെ ജീവനക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താത്കാലിക ജീവനക്കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ തുടങ്ങിയവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
